ബെര്‍ലിന്‍: ജര്‍മനിയില്‍ കോവിഡ് കുതിച്ചുയരുന്നു. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 50,196 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകളാണിത്. ഇതാദ്യമാണ് രാജ്യത്തെ പ്രതിദിന കണക്കുകള്‍ 50,000 കടക്കുന്നതും. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകള്‍ കുത്തനെ കൂടുകയാണ്.
ജര്‍മനിയില്‍ നാലാം തരംഗം അസാധരണമാം വിധത്തില്‍ ആഞ്ഞടിക്കുകയാണെന്നാണ് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞത്. രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം മന്ദഗതിയിലായതാണ് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായത്. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങള്‍ മാത്രമേ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന്‍ വിതരണം പൂര്‍ത്തിയാകാത്തതിനിലാണ് രാജ്യത്ത് ഇപ്പോള്‍ കോവിഡ് അതിവേഗം വ്യാപിക്കുന്നത്. ജര്‍മനിയുടെ ചില മേഖലകളിലും ഇതിനോടകം തീവ്രപരിചരണ വിഭാഗങ്ങള്‍ നിറഞ്ഞുകവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണാത്മകമായ നാലാം തരംഗത്തെ തടയാന്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഒരു ലക്ഷം പേര്‍ കൂടി കോവിഡ് ബാധിച്ച് മരിക്കുമെന്ന് ജര്‍മ്മനിയിലെ മുന്‍നിര വൈറോളജിസ്റ്റുകളിലൊരാള്‍ മുന്നറിയിപ്പ് നല്‍കി. അടിയന്തരമായി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് വൈറോളജിസ്റ്റ് ക്രിസ്റ്റ്യന്‍ ഡ്രോസ്റ്റണ്‍ പറഞ്ഞു.
ലീപ്സിഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ കോവിഡ് വാര്‍ഡിലെ ഡോക്ടര്‍മാര്‍ നാലാമത്തെ തരംഗം ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മോശമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.