ന്യൂഡൽഹി: അരുണാചൽപ്രദേശ് മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് ചൈന നിർമ്മിച്ച ഗ്രാമവുമായി ബന്ധപ്പെട്ട യുഎസ് റിപ്പോർട്ടിൽ പ്രതികരണവുമായി ഇന്ത്യ. ചൈനയുടെ ഒരുവിധത്തിലുള്ള അധിനിവേശവും അനുവദിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
നിയമ വിരുദ്ധമായ അധിനിവേശം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ചൈനയുടെ അവകാശ വാദങ്ങൾ ഒന്നും തന്നെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഇക്കാര്യം വീണ്ടും ചൈനീസ് സർക്കാരിനെ ബോധ്യപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അതിർത്തിക്കുള്ളിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന നൂറോളം വീടുകൾ നിർമിച്ചതായി പെന്റഗൺ വിവരങ്ങൾ പുറത്തു വിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ അതിർത്തിക്കുള്ളിൽ ചൈന അനധികൃത നിർമാണങ്ങൾ നടത്തുന്നതായി അരുണാചൽ സർക്കാരിന്റെ പ്രതിനിധികളും അറിയിച്ചു.
ചൈനീസ് നിയന്ത്രണത്തിന് കീഴിൽ വരുന്ന ടിബറ്റിനും അരുണാചൽ പ്രദേശിനും ഇടയിൽ യഥാർഥ നിയന്ത്രണ രേഖയ്ക്ക് കിഴക്ക് ഭാഗത്തയാണ് ചൈനയുടെ കടന്നുകയറ്റം. ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയിലുള്ള മക്മോഹൻ അതിർത്തി കടന്നാണ് ചൈന നൂറോളം സൈനിക താവളങ്ങൾ നിർമിച്ചിരിക്കുന്നതെന്ന് അമേരിക്ക പുറത്തു വിട്ട സാറ്റലൈറ്റ് ദൃശ്യങ്ങൾ വെളിപെടുത്തുന്നു.