അബുദാബി : സ്ഥാനമൊഴിയുന്ന യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂറുമായി യു.എ.ഇ. സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി.
ശൈഖിന്റെ കൊട്ടാരത്തിൽനടന്ന ചടങ്ങിൽ ഇന്ത്യയും യു.എ.ഇ.യും തമ്മിൽ ചരിത്രാതീതകാലംമുതൽക്ക് നിലനിൽക്കുന്ന സാംസ്കാരിക, വ്യാവസായിക ബന്ധത്തെക്കുറിച്ച് സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ കൈക്കൊണ്ട നടപടികൾ, പുതിയ ചുവടുവെപ്പുകൾ എന്നിവയും ചർച്ചാവിഷയമായി.
സർവീസ് കാലയളവിൽ പവൻകപൂർ നടത്തിയ പ്രവർത്തനങ്ങൾ ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുന്നതായെന്ന് ശൈഖ് നഹ്യാൻ അഭിപ്രായപ്പെട്ടു. സ്വീകരണത്തിന് നന്ദിപറഞ്ഞ സ്ഥാനപതി, യു.എ.ഇ. നേതൃത്വം നൽകിയ പിന്തുണ പ്രവർത്തനങ്ങൾക്ക് കരുത്തേകിയതായി അഭിപ്രായപ്പെട്ടു.
ആഗോളതലത്തിൽ സമാധാനവും സഹവർത്തിത്വവും മാനവികഐക്യവും ഉറപ്പാക്കുന്നതിൽ യു.എ.ഇ. വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.