തിരുവനന്തപുരം; ന്യൂമോണിയയ്‌ക്കെതിരെ സംസ്ഥാനത്ത് സാൻസ് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ മാസം ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണു ലക്ഷ്യം വയ്ക്കുന്നത്. ന്യൂമോണിയയെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, എത്രയും വേഗം ചികിത്സ ലഭ്യമാക്കുക, പരിശീലനം നൽകുക, ഫീൽഡ്തല ജീവനക്കാരെ സജ്ജമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
താമസിച്ചു ചികിത്സ തേടുന്നതാണ് പലപ്പോഴും ന്യൂമോണിയ മരണങ്ങൾക്കു കാരണമാകുന്നത്. അതിനാൽ തന്നെ എത്രയും നേരത്തെ ചികിത്സ തേടണം. ‘ന്യൂമോണിയ തടയാം ഓരോ ശ്വാസവും വിലപ്പെട്ടത്’ എന്നതാണ് ഈ വർഷത്തെ ന്യൂമോണിയ ദിന സന്ദേശം. കൂട്ടികളേയും പ്രായമായവരേയുമാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ന്യൂമോണിയ തടയാനായി നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. കുട്ടികളിലെ ന്യൂമോകോക്കൽ ന്യൂമോണിയ തടയാൻ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ നൽകുന്നുണ്ട്. ഈ വാക്‌സിൻ എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.