ലക്‌നൗ: ഡോക്ടര്‍ കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് നടപടി. 2017 മുതല്‍ കഫീല്‍ ഖാന്‍ സസ്പെന്‍ഷനിലായിരുന്നു. ഇതിനെതിരായ നിയമപോരാട്ടം തുടരവെയാണ് സര്‍വീസില്‍ നിന്നും പിരിച്ച് വിട്ടത്. 2017ല്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് 60 കുഞ്ഞുങ്ങളാണ് ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ മരിച്ചത്. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും കഫീല്‍ ഖാന്‍ പ്രതികരിച്ചു.
2017 ൽ ഡോക്ടർക്കെതിരായ യുപി സർക്കാർ നടപടി ഏറെ വിവാദമായിരുന്നു. 2017 ഓഗസ്റ്റിൽ നിരവധി കുട്ടികളാണ് ഗോരഖ്പൂരിൽ മരണപ്പെട്ടത്. ഓക്‌സിജൻ വിതരണത്തിലുണ്ടായ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കുട്ടികളുടെ വാർഡിലെ ഡോക്ടറായ കഫീൽ ഖാനെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകി. കഫീൽ ഖാൻ്റെ ഭാഗത്ത് നിന്ന് അഴിമതിയോ കൃത്യവിലോപമോ ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ ഹിമാൻഷു കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കഫീൽ ഖാനെതിരായ ആരോപണം അന്വേഷിച്ചത്. തുടർന്ന് 2019 ഏപ്രിലിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. അതിനിടെ കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകിയില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് സർക്കാരും രംഗത്തെത്തിയിരുന്നു.