റിയാദ്: സൗദി അറേബ്യയിൽ കോവിഡ് പ്രതിരോധ വാക്സീൻ പൂർണമായി എടുത്തവർക്ക് പാർക്കിലും ബീച്ചിലും നടപ്പാതകളിലും പ്രവേശനാനുമതി. ഇവർക്കു തുറസ്സായ സ്ഥലങ്ങളിൽ അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ വേണ്ട. എന്നാൽ സ്റ്റേഡിയം പോലെ ജനങ്ങൾ തിങ്ങിക്കൂടുന്ന സ്ഥലത്തും ഷോപ്പിങ് മാൾ പോലെ അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാണെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി (വെഖായ) വിശദീകരിച്ചു.
തൊഴിലാളികൾ, സന്ദർശകർ, ഉപഭോക്താക്കൾ, വിനോദ സൗകര്യങ്ങളുടെ ചുമതലയുള്ളവർ എന്നിവരെ കോവിഡ് പകർച്ചയിൽനിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. തവക്കൽനാ ആപ്പിലാണ് വാക്സീൻ എടുത്തതിനുള്ള തെളിവ് കാണിക്കേണ്ടത്. വാക്സീൻ എടുക്കുന്നതിൽ ഇളവുള്ളവർ അക്കാര്യം ആപ്പിൽ കാണിക്കണം. തെരുവു കച്ചവടം അനുവദിക്കില്ല. നിശ്ചിത സ്ഥലത്തുമാത്രമേ ഭക്ഷണം വിളമ്പാവൂ.
പൊതുസ്ഥലത്തു ഇടപഴകുന്നവർ 40 സെക്കൻഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകണം. ഇതിനു സാധിക്കാത്തവർ അണുനാശിനി (സാനിറ്റൈസർ) ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ അണുവിമുക്തമാക്കണം. എന്നാൽ പാർക്കിലെയും ബീച്ചിലെയും ജീവനക്കാർ മാസ്കും കയ്യുറയും ധരിക്കൽ നിർബന്ധം.