ഏറെ നാളായി യൂട്യൂബ് വ്ളോഗര്‍മാരുടെ ഉറക്കം കെടുത്തിയിരുന്ന കാര്യമാണ് ഡിസ്ലൈക്ക് ക്യാമ്പയ്നുകള്‍. വ്ളോഗര്‍മാരെ പ്രത്യേകം ലക്ഷ്യമിട്ടെത്തുന്ന ഡിസ്ലൈക്ക് സംഘങ്ങള്‍ എല്ലാ നല്ല വീഡിയോകള്‍ക്കും ഡിസ്ലൈക്കുകളും നെഗറ്റീവ് കമന്റ്സും നല്കി ക്രിയേറ്റര്‍മാരുടെ റേറ്റിങ് ഇല്ലാതാക്കും.ഇത്തരക്കാരെ ഭയന്ന് യൂട്യൂബ് അക്കൌണ്ട് പൂട്ടേണ്ടി വന്നവരും നിരവധി. ഈ സാഹചര്യത്തിന് ഒരു അറുതി വരുത്തുകയാണ് യൂട്യൂബ് പുതിയ അപ്ഡേറ്റിലൂടെ. വീഡിയോകളിലെ ഡിസ്ലൈക്കുകളുടെ എണ്ണം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തലാക്കുമെന്നാണ് പ്രഖ്യാപനം.
അതേ സമയം ഡിസ്ലൈക്ക് ബട്ടണ്‍ നീക്കം ചെയ്യുന്നതുമില്ല. പുതിയ നീക്കം യൂട്യൂബ് ക്രിയേറ്റേഴ്സിന് വളരെ പ്രയോജനകരമാകും എന്നാണ് കമ്ബനിയുടെ വാദം. അവരെ ലക്ഷ്യമിട്ട് നടക്കുന്ന ഉപദ്രവങ്ങളും അപമാനിക്കലും തടയുമെന്നും യൂട്യൂബ് പറയുന്നു.ഡിസ്ലൈക്ക് കൌണ്ട് കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഉപയോക്താക്കള്‍ക്ക് ഡിസ്ലൈക്ക് ഓപ്ഷന് ലഭ്യമാണ്. ഏതെങ്കിലും വീഡിയോസ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഡിസ്ലൈക്ക് ചെയ്യാനുമാകും. പക്ഷെ എത്ര പേര് ഡിസ്ലൈക്ക് ചെയ്തു എന്ന് ഉപയോക്താക്കള്‍ക്ക് കാണാന്‍ ആകില്ല എന്ന് മാത്രം.
വ്യക്തി വിരോധം തീര്‍ക്കാന്‍ ഉള്ള ഒരു പ്ലാറ്റ്ഫോം ആയി യൂട്യൂബ് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. പ്രത്യേകിച്ചും നടീ നടന്മാര്ക്കും അല്ലെങ്കില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തികള്‍ എന്നിവര്‍ക്കും എതിരെ. നമ്മുക്ക് ഇഷ്ടമല്ലാത്ത വ്യക്തികളുടെ വീഡിയോകളില്‍ കൂട്ടമായി ചേര്‍ന്ന് ഡിസ്ലൈക്കുകള് നല്കുന്നു.
തമ്മില്‍ പകയുള്ള ഫാന്‍സ് ഗ്രൂപ്പുകള്‍, റാന്‍ഡം ഫോളോവേഴ്സ് സംഘങ്ങള്‍, മതപരമായ അല്ലെങ്കില്‍ ജാതിപരമായ കാരണങ്ങള്‍, പ്രാദേശിക വികാരം തുടങ്ങി പല കാരണങ്ങളാല്‍ ഇത്തരം ഡിസ്ലൈക്ക് സംഘങ്ങള്‍ രൂപപ്പെടുന്നു. ചിലപ്പോള്‍ ഡിസ്ലൈക്കുകളുടെ എണ്ണം കൂട്ടുക എന്നത് മാത്രവും ആയിരിക്കും ഇത്തരം ഗ്രൂപ്പുകളുടെ ലക്ഷ്യം.
യൂട്യൂബില്‍ ഇങ്ങനെ നിരവധി ക്രിയേറ്റേഴ്സ് ടാര്‍ഗറ്റ് ചെയ്യപ്പെട്ടതായി കമ്ബനി പറയുന്നു. ആക്രമിക്കപ്പെട്ടവരില്‍ പലരും വലിയ ചെറിയ ചാനലുകളുടെ ഉടമകളാണ്. ആദ്യമായി കണ്ടന്റുകള്‍ ഇട്ട പുതിയ ക്രിയേറ്റേഴ്സും ഉപദ്രവിക്കപ്പെട്ടു.
യൂട്യൂബ് ചാനലിന്റെ വലുപ്പവും അവര്‍ക്കെതിരെ നടക്കുന്ന ആക്രമണവും തമ്മില്‍ ശരിയായ അനുപാതം പോലും ഇല്ല. ചെറിയ ചാനലുകള്‍ക്കെതിരെ നടക്കുന്നത് വലിയ ഡിസ്ലൈക്ക് ക്യാമ്പയ്നുകള്‍ ആണെന്നും കമ്പനി സ്ഥിരീകരിക്കുന്നു.പുതിയ ഫീച്ചര്‍ ഇത്തരം മനോഭാവം ഇല്ലാതാക്കുമെന്നാണ് കമ്ബനിയുടെ വിശ്വാസം. ഡിസ്ലൈക്ക് കൌണ്ട് കാണാന്‍ കഴിയാത്തത് പ്ലാറ്റ്ഫോമില്‍ പോസിറ്റീവ് ആയ ചേഞ്ച് കൊണ്ടു വരികയാണെങ്കില്‍ ലക്ഷക്കണക്കിന് ക്രിയേറ്റേഴ്സിന് അത് ഗുണകരം ആകുമെന്നതില്‍ സംശയമില്ല.