ചെന്നൈ: കനത്ത മഴയെത്തുടർന്ന് ചെന്നൈ വിമാനത്താവളം ഭാഗികമായി അടച്ചു. ആറുമണി വരെ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവില്ല. പുറപ്പെടുന്നതിന് തടസമില്ല. വിമാനങ്ങള്‍ ഹൈദരാബാദ്, ബെംഗളുരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ കൃത്യസമയം പാലിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
അഞ്ചുദിവസത്തിനിടെ രണ്ടാമത്തെ പ്രളയമാണ് ചെന്നൈയിലുണ്ടായത്. ഇന്നലെ ഉച്ചയ്ക്കു തുടങ്ങിയ കനത്ത മഴയില്‍ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം മുന്‍പ്രവചനങ്ങളെ തെറ്റിച്ചു ചെന്നൈയുടെ സമീപം കരതൊടുമെന്നുറപ്പായതോടെ നാളെ വൈകിട്ട് വരെ തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പ് നല്‍കി. ചെന്നൈയ്ക്കു പുറമെ സമീപ ജില്ലകളായ ചെങ്കല്‍പേട്ട്, കാഞ്ചിപുരം,തിരുവള്ളൂര്‍ എന്നിവടങ്ങളിലും പുതുച്ചേരിയിലും ആന്ധ്രയുടെ തീരജില്ലകളിലും ശക്തമായ മഴ തുടരുകയാണ്.
ഇന്നലെ ഉച്ചയ്ക്കു തുടങ്ങിയ മഴ രാത്രിയോടെ തീവ്രമായി. പുറത്തിറങ്ങിയാല്‍ വെള്ളത്തോടു മല്ലിട്ടുവേണം മുന്നോട്ടുപോകാന്‍. പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്.16 മണിക്കൂറിനിടെ പലയിടങ്ങളിലും 20 സെന്റീമീറ്റിനു മുകളില്‍ മഴപെയ്തു. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂയെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഇരുചക്രവാഹനയാത്ര വിലക്കി. വാണിജ്യ കേന്ദ്രങ്ങളായ ടിനഗര്‍, പാരിസ്, തേനാംപേട്ട്, താമസസ്ഥലങ്ങളായ അണ്ണാനഗര്‍, കെ കെ നഗര്‍, വ്യവസായ കേന്ദ്രങ്ങളായ ഗിണ്ടി, അമ്പത്തൂര്‍, ആവടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരുപോലെ വെള്ളമെത്തിയതോടെ നഗരജീവിതം സ്തംഭിച്ചു. സബേര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് വെട്ടിക്കുറച്ചു. സര്‍ക്കാര്‍ ബസുകള്‍നഗരത്തില്‍ മാത്രം 1000 സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവളത്തില്‍ നിന്നുള്ള നാലു രാജ്യാന്തര സര്‍വീസുകള്‍ അടക്കം 8 എണ്ണം റദ്ദാക്കി. ന്യൂനമര്‍ദ്ദം നിലവില്‍ ചെന്നൈയ്ക്ക് തെക്കുകിഴക്കായി ബംഗാള്‍ ഉള്‍ക്കടലില്‍ 130 കിലോമീറ്റര്‍ അകലയാണുള്ളത്. വൈകീട്ട് ചെന്നൈയ്ക്കു സമീപം തീരം തൊടും.