റിയാദ്: സൗദി അറേബ്യയിൽ ഭാര്യയെ മർദിച്ച കുറ്റത്തിന് ഭർത്താവിനെതിരെ നിയമ നടപടി. മർദന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപെട്ടതും പിന്നാലെ നടപടികളിലേക്ക് കടന്നതും. വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത് സൗദി പൗരൻ തന്നെയാണ് വ്യക്തമായതായി മദീന പ്രവിശ്യ പൊലീസ് അറിയിച്ചിട്ടുണ്ട്.
റോഡരികിലെ ഫുട്ട്പാത്തിൽ വെച്ച് യുവതിയെ ഒരാൾ മർദിക്കുന്നതും സമീപത്തെ മതിലിലേക്ക് പിടിച്ച് തള്ളുന്നതുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയിൽ ഉണ്ടായിരുന്നത്. സംഭവത്തിന് സാക്ഷികളായിരുന്ന ആരോ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്‍ക്കുകയായിരുന്നു. നിരവധിപ്പേർ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്‍തു.
വീഡിയോ ശ്രദ്ധയിൽപെട്ടതോടെ സൗദി സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടങ്ങി. മദീനയിൽ വെച്ചാണ് സംഭവം നടന്നതെന്ന് തിരിച്ചറിയുകയും ദമ്പതികളെ കണ്ടെത്തുകയുമായിരുന്നു. ഇരുവർക്കുമിടയിലെ തർക്കമാണ് നടുറോഡിലെ മർദനത്തിൽ കലാശിച്ചതെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു. കേസ് തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് മദീന പ്രവിശ്യാ പൊലീസ് അറിയിച്ചു.