തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറിയുമായി ബന്ധപ്പെട്ട സെക്രട്ടറിതലയോഗത്തിൻ്റെ മിനിറ്റ്സ് പുറത്ത്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി മിനിസ്റ്റ്സ് വ്യക്തമാക്കുന്നു. മരംമുറി പരിഗണിക്കുന്നു എന്ന് വനം പ്രിന്‍. സെക്രട്ടറി പറഞ്ഞത് മിനിറ്റ്സില്‍ ഉണ്ട്. ജലവിഭവ സെക്രട്ടറിയും മുഖ്യവനപാലകന്‍ ബെന്നിച്ചന്‍ തോമസും യോഗത്തിൽ പങ്കെടുത്തിരുന്നു.
രേഖകൾ പ്രകാരം കേരള തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നത് സെപ്തംബർ 17നാണ്. 25 ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. അഡീ.ചീഫ് സെക്രട്ടറിയും വനം സെക്രട്ടറിയും മരംമുറി ഉത്തരവ് സംബന്ധിച്ച് എല്ലാം അറിഞ്ഞിരുന്നുവെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ടി കെ ജോസ് തമിഴ്‌നാടിൻ്റെ അംഗീകാരത്തിന് അയച്ച മിനുട്‌സില്‍ മരംമുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലെന്ന് വ്യക്തമാക്കുന്നു.
വനം സെക്രട്ടറി തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉറപ്പ് നല്‍കിയിട്ടുമുണ്ട്. മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നല്‍കുന്നതും പരിഗണനയിലെന്ന് അറിയിച്ചിട്ടുണ്ട്. നവംബര്‍ 2ന് ടി കെ ജോസ് മിനിട്‌സ് തമിഴ്‌നാടിൻ്റെ അംഗീകാരത്തിനായി അയച്ചു. ഇതിന് പിന്നാലെയാണ് മരം മുറിക്ക് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം മരംമുറി സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുത്തുവെന്ന് ആരോപിച്ചാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്റ് ചെയ്തത്.
അതേസമയം, മുല്ലപെരിയാർ മരം മുറിയിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ പ്രതിപക്ഷം അവകാശ ലംഘന നോട്ടിസ് നൽകി. പി സി വിഷ്ണുനാഥ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. യോഗം നടന്നുവെന്ന് സഭയില്‍ വനം മന്ത്രി അംഗീകരിക്കുകയും മിനിട്‌സ് ഉദ്ധരിക്കുകയും ചെയ്തതിനു ശേഷം സഭയ്ക്ക് പുറത്ത് അതേ മന്ത്രിസഭയിലെ അംഗവും ജലവിഭവ വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ മന:പൂര്‍വ്വം ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന് അദ്ദേഹം ആരോപിച്ചു.
നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് അപ്രകാരമൊരു യോഗം നടന്നിട്ടില്ല എന്ന് തെറ്റായ പ്രസ്താവന നടത്തിയത് നിയമസഭയോടുള്ള കടുത്ത അനാദരവും സഭാംഗമെന്ന നിലയിലുള്ള പെരുമാറ്റചട്ടങ്ങളുടെ ലംഘനവുമാണ്. ഈ നടപടിയിലൂടെ സഭംഗങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നതിനാല്‍ ചട്ടം 154 പ്രകാരം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് എതിരെ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.