തിരുവനന്തപുരം: ഇന്ധനനികുതി സംസ്ഥാനം ആറുവര്‍ഷമായി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം നികുതി കുറച്ചതിന് പിന്നലെ കേരളവും കുറച്ചെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. സർചാർജിൻ്റെ പേരിൽ കേന്ദ്രം സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കവർന്നെടുക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാർ 13 തവണയാണ് നികുതി വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടി നിയമസഭയിൽ എത്തിയതും ധനമന്ത്രി പരിഹസിച്ചു. സൈക്കിളും കാളവണ്ടിയും പോകേണ്ടത് ഡൽഹിയിൽ ആണ്. പാര്‍ലമെന്‍റിലേക്ക് സൈക്കിളില്‍ പോകാന്‍ 19 പേരുണ്ടല്ലോ? എന്താണ് പോകാത്തതെന്നും മന്ത്രി ചോദിച്ചു.
അതേസമയം സംസ്ഥാനത്ത് നടക്കുന്നത് നികുതി ഭീകരതയാണെന്ന് കെ ബാബു എംഎൽഎ ആരോപിച്ചു. കേന്ദ്രം ഇന്ധന വില കുറയ്ക്കരുത് എന്നാണ് സംസ്ഥാന ധനമന്ത്രിയുടെ മനസിലിരുപ്പ്. അപകടത്തിൽ മരിച്ചവരുടെ മോതിരം അടിച്ചുമാറ്റുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.