തിരുവനന്തപുരം: നിയമവിരുദ്ധമായി തന്നിൽനിന്ന് അകറ്റിയ കുഞ്ഞിനെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് അനുപമ വീണ്ടും സമരത്തിന്. ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഇന്ന് രാവിലെ മുതൽ സമരം ആരംഭിക്കും. കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണം എന്നാണ് അനുപമയുടെ ആവശ്യം.
ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും അനുപമ ആവശ്യപ്പെടുന്നു. ഷിജൂഖാനേയും സിഡബ്ല്യുസി ചെയർ പേഴ്‌സൺ സുനന്ദയേയും തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റണം എന്നും അനുപമ ആവശ്യപ്പെടുന്നു. ‘ഷിജു ഖാൻ ഉൾപ്പെടെയുള്ളവർക്ക് സഹപ്രവർത്തകരെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ആരോഗ്യ മന്ത്രിയെ ഞൻ നേരിട്ട് പോയി കണ്ടിരുന്നു. കേസിൽ മുൻവിധി വേണ്ടെന്നാണ് മന്ത്രി പറഞ്ഞത്’ – അനുപമ പറയുന്നു.
കുഞ്ഞിൻ്റെ കാര്യം പുതിയ കേസായി പരിഗണിച്ച് സിഡ്ബ്ല്യുസിക്ക് തീരുമാനമെടുക്കാമെന്ന് കോടതി ഒന്നാം തിയതി ഉത്തരവിട്ടിരുന്നു. കുഞ്ഞിനെ ഇവിടേക്ക് കൊണ്ടുവരുന്ന കാര്യത്തിലും ഡിഎൻഎ ടെസ്റ്റ് നടത്തുന്നതിനുമെല്ലാം അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പതിനൊന്നാം തിയതി ആയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അനുപമ പറയുന്നു.