അബുദാബി: ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ് ഫൈനലില്‍. ഇംഗ്ലണ്ട് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസീലന്‍ഡ് മറികടന്നു.
അര്‍ദ്ധസെഞ്ചുറി നേടിയ ഡാരില്‍ മിച്ചലും, അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജിമ്മി നീഷാം, ഡെവോണ്‍ കോണ്‍വെ എന്നിവരുടെ മികവിലാണ് കിവീസ് ജയം സ്വന്തമാക്കിയത്.
മിച്ചല്‍ 47 പന്തില്‍ നിന്ന് 72 റണ്‍സെടുത്തു. കോണ്‍വെ 38 പന്തില്‍ 46 റണ്‍സെടുത്തു. നീഷം 11 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 27 റണ്‍സെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയീന്‍ അലിയുടെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. 51 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.
കിവീസിനായി ഇഷ് സോധിയും ജിമ്മി നീഷാമും ടിം സൗത്തിയും ഓരോ വിക്കറ്റെടുത്തു.
നാളത്തെ പാകിസ്താന്‍ – ഓസ്‌ട്രേലിയ മത്സര വിജയികളെ 14-ാം തീയതി നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് നേരിടും.