ചണ്ഡിഗഡ്: പഞ്ചാബിൽ ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവെച്ച ബതിന്ദ റൂറൽ എം.എൽ.എ രൂപീന്ദർ കൗർ റൂബി കോൺഗ്രസിൽ ചേർന്നു. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, പി.സി.സി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ കോൺഗ്രസ് പ്രവേശം.
യഥാർത്ഥ ആം ആദ്മി (സാധാരണക്കാരുടെ പാർട്ടി) കോൺഗ്രസ് ആണെന്നും അതിനെ നയിക്കുന്നത് ഒരു വനിതയാണെന്നും പാർട്ടിയിൽ ചേർന്ന ശേഷം റൂബി പറഞ്ഞു.
റൂബിയും എഎപി നേതൃത്വവും തമ്മിൽ കുറച്ച് നാളായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ ചേരുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ച് രൂപീന്ദർ കൗർ റൂബി ട്വീറ്റ് ചെയ്തത്. ”ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. ദയവായി രാജി സ്വീകരിക്കണം. നന്ദി…”-എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജരിവാൾ, പഞ്ചാബ് സംസ്ഥാന അധ്യക്ഷൻ ഭഗവന്ദ് മന്ന് എന്നിവരെ അഭിസംബോധന ചെയ്ത് റൂബി ട്വീറ്റ് ചെയ്തു.
അതേസമയം, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ 117 സീറ്റിലും ബിജെപി തനിച്ചു മത്സരിക്കും.