ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസെടുത്ത് 6 മാസത്തിനു ശേഷം ബൂസ്റ്റര്‍ഡോസ് സ്വീകരിക്കാമെന്ന് ഭാരത് ബയോടെക് ചെയര്‍മാന്‍ കൃഷ്ണ എല്ല. അതാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനുള്ള അനുയോജ്യമായ സമയമെന്ന് ടൈംസ് നൗ സമ്മിറ്റ് 2021-ല്‍ സംസാരിക്കവെ കൃഷ്ണ എല്ല പറഞ്ഞു.
കൊവാക്‌സിനെ അപേക്ഷിച്ച് ഉത്പാദനം എളുപ്പമായതിനാല്‍ ബൂസ്റ്റര്‍ ഡോസ് ആയി നേസല്‍ വാക്‌സിനെ ഭാരത് ബയോടെക്ക് പരിഗണിക്കുന്നുണ്ടെന്നും എല്ല പറഞ്ഞു. രോഗവ്യാപനം തടയാനുള്ള ഏകമാര്‍ഗം നേസല്‍ വാക്‌സിനുകളാണെന്നും ലോകം ഒട്ടാകെ നേസല്‍ വാക്‌സിനുകളെയാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ബയോടെക്കാണ് ലോകത്ത് ആദ്യമായി സിക്ക വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചതെന്നും എല്ല കൂട്ടിച്ചേര്‍ത്തു.
കൊവാക്‌സിന്‍ ആദ്യ ഡോസ് ആയും നേസല്‍ വാക്‌സിന്‍ രണ്ടാം ഡോസ് ആയും നല്‍കുന്നതിനെ കുറിച്ചും തങ്ങള്‍ ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നേസല്‍ വാക്‌സിനാണ് രണ്ടാമത്തെ ഡോസ് ആയി നല്‍കുന്നത് എങ്കില്‍, നിങ്ങള്‍ക്ക് വൈറസ് വ്യാപനത്തെ തടയാനാവും. രോഗബാധയുണ്ടായവരിലും ഒന്നാം ഡോസ് എടുത്തവരിലും നേസല്‍ വാക്‌സിന്‍ നന്നായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.