തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും അറബികടലിലും രൂപപ്പെട്ട രണ്ട് ന്യൂനമർദങ്ങൾ തുടരുന്നതിനു പുറമേ ശനിയാഴ്ച പുതിയ ഒരു ന്യൂനമർദം അറബികടലിൽ രൂപപ്പെടുന്നതിനാൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലയുറപ്പിച്ച ന്യുനമർദ്ദം ശക്തി പ്രാപിച്ച് തീവ്രന്യൂന മർദ്ദമായി വ്യാഴാഴ്ച രാവിലെയോടെ തമിഴ്നാടിന്റെ തെക്കൻ തീരത്ത് എത്തും. വ്യാഴാഴ്ച വൈകുന്നേരത്തോടെ വടക്കൻ തമിഴ്നാട്-തെക്കൻ ആന്ധ്രാ തീരത്ത് കാരയ്ക്കലിനും ശ്രീഹരിക്കൊട്ടക്കും ഇടയിൽ കടലൂരിന് സമീപത്തുകൂടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിനാൽ വ്യാഴാഴ്ച കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മധ്യ അറബികടലിൽ നിലകൊള്ളുന്ന ന്യൂനമർദം തെക്കു കിഴക്കേക്കു സഞ്ചരിച്ച് വ്യാഴാഴ്ച തമിഴ്നാട് തീരത്ത് എത്തും. ശനിയാഴ്ചയോടെ ആൻഡമാൻ കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ച് പടിഞ്ഞാറു-വടക്ക്, പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ മൂന്നു ന്യൂനമർദങ്ങളും കേരളത്തിൽ കടക്കില്ല. ന്യൂനമർദ സ്വാധീനഫലമായി ശക്തമായ മഴയ്ക്കു സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.