മുംബൈ: ട്വന്റി20 ലോകകപ്പില്‍(T20 World cup) പാകിസ്ഥാനെതിരെയുള്ള (Pakistan) തോല്‍വിയെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിനിരയായ മുഹമ്മദ് ഷമിയെ (Mohammed Shami ) പിന്തുണച്ചതിന്റെ പേരില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ (Virat Kohli) മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി (Rape threat) മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ (Arrest). ഹൈദരാബാദില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ രാംനാഗേഷ് അലിബതിനിയെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
മുംബൈ പൊലീസ് സ്‌പെഷ്യല്‍ ടീമാണ് ബുധനാഴ്ച ഉച്ചക്ക് ശേഷം ഇയാളെ പിടികൂടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇയാള്‍ ട്വിറ്റര്‍ അക്കൗണ്ട് വ്യാജമായി പാകിസ്ഥാന്‍ സ്വദേശിയുടേതെന്ന രീതിയിലാക്കിയിരുന്നു. തുടര്‍ന്ന് ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് ഹൈദരാബാദാണ് ഉറവിടമെന്ന് കണ്ടെത്തുകയും രാംനാഗേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോയി. ഇയാള്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. നേരത്തെ ഒരു ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
പാകിസ്ഥാനെതിരെയുള്ള തോല്‍വിക്ക് ശേഷമാണ് ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണമുണ്ടായത്. രണ്ടാം മത്സരത്തിന് തൊട്ടുമുമ്പാണ് കോലി ഷമിയെ പിന്തുണച്ച് രംഗത്തെത്തിയത്.
ഷമിക്കെതിരെയുള്ള സൈബര്‍ ആക്രമണം നട്ടെല്ലില്ലാത്ത നടപടിയാണെന്നായിരുന്നു കോലിയുടെ പ്രതികരണം. തുടര്‍ന്ന് കോലിയുടെ ഒമ്പതു മാസം പ്രായമുള്ള മകള്‍ വാമികയ്‌ക്കെതിരേ ബലാത്സംഗ ഭീഷണിയുണ്ടായത്.
ഡല്‍ഹി വനിതാ കമ്മീഷനും ഈ കേസില്‍ ഇടപെട്ടു. കേസ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് കാണിച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡി.സി.ഡബ്ല്യു) ഡല്‍ഹി പോലീസിന് നോട്ടീസ് നല്‍കുകയും ചെയ്തു.