തിരുവനന്തപുരം : ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ചിത്രയുടെ ഭവന നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ ഇടപെടുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. രാവിലെ പ്രമുഖ മാധ്യമത്തിലെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പഞ്ചായത്ത് ഡയറക്ടറോട് വിശദാംശങ്ങള്‍ മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞുവെന്നും ആലപ്പുഴ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട് ഉച്ചയോടുകൂടി ലഭ്യമായെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ത്തയില്‍ പറയുന്ന രീതിയില്‍ ജാതി വിവേചനമല്ല തൃക്കുന്നപ്പുഴയില്‍ ഉണ്ടായിട്ടുള്ളതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. പട്ടിക ജാതി വികസന വകുപ്പില്‍ നിന്നും ഭവന നിര്‍മ്മാണത്തിന് വേണ്ടി ചിത്രയുടെ കുടുംബത്തിന് ഭൂമി ലഭിച്ചിട്ടുണ്ട്. അവിടെ കുടില്‍ക്കെട്ടി താമസിക്കുന്ന ചിത്രയ്ക്ക് അടച്ചുറപ്പുള്ള വീടൊരുക്കാനായി 2021 ഫെബ്രുവരിയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ആദ്യ ഗഡുവായ 40000 രൂപ അനുവദിക്കുകയും ചെയ്തു. വീടൊരുക്കാനുള്ള സാധന സാമഗ്രികള്‍ എത്തിക്കാന്‍ വസ്തുവരെ എത്തുന്ന നിലയിലുള്ള റോഡില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. പഞ്ചായത്തിന്റെ റോഡ് വീടുവരെ എത്തുന്നതല്ല. സ്വകാര്യ വ്യക്തിയുടെ വഴിയില്‍ക്കൂടി സഞ്ചരിച്ചാല്‍ മാത്രമേ വീട്ടിലേക്ക് എത്താന്‍ സാധിക്കുകയുള്ളു. സ്വകാര്യ വഴിയുടെ ഉടമസ്ഥയും കുടുംബവും വഴിയുടെ ഉപയോഗം സംബന്ധിച്ച് കോടതിയില്‍ നല്‍കിയ വ്യവഹാരം നിലനില്‍ക്കുന്നതാണ് വഴി തര്‍ക്കമടക്കമുള്ള കാര്യങ്ങള്‍ക്ക് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി അറിയിച്ചു.
പഞ്ചായത്തോ, മറ്റേതെങ്കിലും ഭരണ സംവിധാനങ്ങളോ ഈ കേസില്‍ കക്ഷി ചേര്‍ക്കപ്പെട്ടിട്ടില്ല. ചിത്രയുടെ ഭവന നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുന്ന വഴി തടയലിനെതിരെ പഞ്ചായത്ത് സെക്രട്ടറി തന്നെ നേരിട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. നിലവില്‍ നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കുന്നതിന് ബുദ്ധിമുട്ടൊന്നുമില്ലെന്നും ഇന്ന് സാമഗ്രികള്‍ ഇറക്കുന്നുണ്ടെന്നുമാണ് ആലപ്പുഴയില്‍ നിന്നുള്ള റിപ്പോര്‍ട്ടിലൂടെ വ്യക്തമാവുന്നത്. ചിത്രയുടെ വീടിന്റെ അടുത്തേക്ക് വരെ എത്തുന്ന കന്നേപ്പറമ്പ് പൈപ്പ് കള്‍വര്‍ട്ട് റോഡിലൂടെയുള്ള സൈ്വര്യവിഹാരം തടസ്സപ്പെടാതിരിക്കാനുള്ള പോലീസ് ഇടപെടലിനായി നിര്‍ദ്ദേശം നല്‍കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് ഭരണസമിതിയുടെയും പ്രദേശത്തെ മറ്റ് പൊതുകാര്യ പ്രസക്തരെയും ഇടപെടുവിച്ച് ചിത്രയുടെ വീട് യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.