പ്രായഭേദമന്യേ ഏതൊരു വ്യക്തിയും ആസ്വദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യമാണ് സൗന്ദര്യം അഥവാ സൗന്ദര്യം നിലനിര്‍ത്തുകയെന്നത്.യഥാര്‍ഥത്തില്‍ ഒരാളുടെ കണ്ണിനും മനസിനും കുളിര്‍മയും ആനന്ദവും നല്‍കുന്നതെന്തോ അതിനെയാണ് നാം സൗന്ദര്യമായി കണക്കാക്കുന്നത്.
പുരാണങ്ങളില്‍ കൂടി കണ്ണോടിക്കുകയാണെങ്കില്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും നവീനകാലത്തില്‍ നിന്നും ഒട്ടും പിറകെയാവാത്ത രീതിയില്‍ തന്നെയാണ് അന്നുള്ളവരുടെ സൗന്ദര്യം സംരക്ഷിച്ചുപോരുന്നതെന്ന്.
അനവധി സുഗന്ധദ്രവ്യങ്ങളും ചമയ രസക്കൂട്ടുകളുമൊക്കെ അവര്‍ക്കു മാത്രം അറിയാവുന്ന രഹസ്യങ്ങളായി ഇന്നും നിലനിന്നു പോരുന്നുണ്ട്.
ആയുര്‍വേദത്തില്‍ ഉളളിലെ ശുദ്ധിയാണു പുറമേയുളള മോടി പിടിപ്പിക്കലിനെക്കാള്‍ പ്രധാനം. അതിനു കുറച്ചു മെനക്കെടാനുളള മനസും ക്ഷമയും കൂടിയേ തീരൂ. നിങ്ങളുടെ ശ്രമം പാഴായിപോകില്ല എന്ന ഉറപ്പ് ആയുര്‍വേദ സൗന്ദര്യസംരക്ഷണത്തില്‍ നല്കുന്നു.
യോഗാസനവും പ്രാണായാമവും
സൗന്ദര്യസംരക്ഷണത്തിനായി യോഗാസനങ്ങള്‍, പ്രാണായാമം തുടങ്ങിയ ആയുര്‍വേദ റിലാക്‌സേഷന്‍ തെറാപ്പി നിത്യവും ശീലിക്കുന്നത് ഏറെ പ്രയോജനകരമാണ്.
അമിതമായ ടെന്‍ഷനും അതുസംബന്ധിച്ച രോഗാവസ്ഥകളുമൊക്കെ നമുക്ക് ആയുര്‍വേദ റിലാക്‌സേഷന്‍ തെറാപ്പി വഴി കുറയ്ക്കാം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് നാം ആയുര്‍വേദവും അതിന്റെ പാരമ്ബര്യത്തെക്കുറിച്ചും തിരിച്ചറിയേണ്ടത്.
ആയുര്‍വേദം കേവലം ശരീരം മാത്രമല്ല അതിലെ മനസിനു വേണ്ട ചികിത്സയും പ്രദാനംചെയ്യുന്നു. മാനസികമായും ശാരീരികമായും വ്യക്തിയെ ആരോഗ്യവാനാക്കുക എന്നതാണ് ആയുര്‍വേദ ചികിത്സാരീതി.
ചില സൗന്ദര്യ ടിപ്‌സുകള്‍
* മുഖക്കുരു അകറ്റാന്‍ നിത്യേന രക്ത ചന്ദനം അരച്ച് മുഖത്തു പുരട്ടാം. എല്ലാ ദിവസവും അരയ്ക്കാന്‍ ബുദ്ധിമുട്ടുളള വര്‍ രക്തചന്ദനം പൊടിച്ച് കുപ്പിയില്‍ മുറുക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്. അല്‍പാല്‍പമായി എടുത്ത് വെളളത്തില്‍ ചാലിച്ചു പുരട്ടാം. ഉറങ്ങും മുന്‍പോ രാവിലെ എഴുന്നേല്‍ക്കുമ്ബോഴോ പുരട്ടുക. ഉണങ്ങി കഴിയുമ്ബോള്‍ ആര്യവേപ്പില ചതച്ചിട്ടു തിളപ്പിച്ചാറിയ വെളളം കൊണ്ട് മുഖം കഴുകണം. മുഖക്കുരുവും കറുത്ത പാടുകളും മാറി മുഖകാന്തി വര്‍ധിക്കും.
* രാത്രി കിടക്കും മുന്‍പ് പച്ചമഞ്ഞളരച്ച് കട്ടിയായി മേല്‍ച്ചുണ്ടില്‍ പുരട്ടാം. രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെളളം കൊണ്ട് കഴുകുക. അനാവശ്യ രോമങ്ങള്‍ കൊഴിഞ്ഞു പോകും. പച്ചപപ്പായയും മഞ്ഞളും കൂട്ടി അരച്ചു പുരട്ടുന്നതും മുഖ രോമങ്ങള്‍ കളയാന്‍ ഉത്തമമാണ്.
* ഇളം ചൂടുവെളളത്തില്‍ അല്‍പ്പം ഉപ്പിട്ട് അതു കവിള്‍ കൊളളുക. ഇതു ദിവസവും ചെയ്യുന്നത് മോണയ്ക്കും പല്ലിനും ഗുണം ചെയ്യും. പഴുത്ത മാവില കൊണ്ടു പല്ലു തേക്കാം. പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകള്‍ നീങ്ങും. ചെറുനാരങ്ങാനീരില്‍ ഉപ്പു പൊടിച്ചിട്ട് പല്ലു തേക്കുക. ഒരാഴ്ചയ്ക്കുളളില്‍ പല്ലിന്റെ മഞ്ഞ നിറത്തില്‍ മാറ്റം വരും.
* നഖം പൊട്ടിപ്പോകുന്നതും നഖം വളരാതിരിക്കുന്നതും പെണ്‍കുട്ടികളെ വല്ലാതെ അലട്ടുന്ന പ്രശ്‌നമാണ്. ശുദ്ധമായ വെളിച്ചെണ്ണ നഖങ്ങളില്‍ തടവി നന്നായി മസാജ് ചെയ്യുക. പത്തു മിനിറ്റു വച്ച ശേഷം ഉപ്പിട്ട ചൂടുവെളളത്തില്‍ നഖം കഴുകാം.
* പേന്‍ ശല്യമുളളവര്‍ കിടക്കും മുന്‍പ് തലമുടിയിലും തലയിണയിലും കൃഷ്ണ തുളസി ഇലകള്‍ വച്ചിട്ട് കിടക്കുക. ആഴ്ചയില്‍ രണ്ടു തവണ കടുകരച്ച് തലയില്‍ പുരട്ടി കുളിക്കാം. താരന്‍ അകലും. ചെറുപയര്‍ അരച്ച് തൈരില്‍ കലക്കി താളിയാക്കി തേക്കുന്നതും താരന്റെ ശല്യം കുറയ്ക്കും.
* വരണ്ട ചര്‍മമുളളവര്‍ സോപ്പിനു പകരമായി ചെറുപയര്‍ പൊടി ഉപയോഗിക്കുക. ചെറുപയര്‍ വെയിലത്തു വച്ചുണക്കി പൊടിച്ചെടുക്കുന്നതാണു നല്ലത്. കടയില്‍ നിന്നു വാങ്ങുന്ന പായ്ക്കറ്റുകളില്‍ എത്രത്തോളം പയറു പൊടിയുണ്ടെന്ന് വിശ്വസിക്കാനാകില്ല. പയറു പൊടിയില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് ദേഹമാസകലം പുരട്ടി കുളിക്കുന്നത് ചര്‍മത്തിന്റെ വരള്‍ച്ചയകറ്റും. കുളിക്കും മുമ്ബേ ദേഹമാസകലം എണ്ണതൊട്ടു പുരിയിട്ട് കുളിക്കുന്നതും നല്ലതാണ്.
* എണ്ണമയമില്ലാത്തതും വരള്‍ച്ച താത്തതുമായ സാധാരണ ചര്‍മമുളളവര്‍ മഞ്ഞളും ചെറുപയര്‍ പൊടിയും സമം എടുത്ത് വെളളത്തില്‍ ചാലിച്ചു ശരീരത്തില്‍ പുരട്ടി മസാജ് ചെയ്തശേഷം കുളിക്കാം. ചര്‍മത്തിന്റെ നിറം വര്‍ധിക്കും.
* കണ്ണുകളുടെ ക്ഷീണം മാറാന്‍ കട്ടന്‍ ചായയോ പനിനീരോ പഞ്ഞിയില്‍ മുക്കി പത്തു മിനിറ്റുനേരം കണ്‍പോളയ്ക്ക് മുകളില്‍ വയ്ക്കാം. മുരിങ്ങയിലയും പൂവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിനു തെളിമയും ഉന്‍മേഷവും നല്‍കും.
* ചുണ്ടിലെ കറുപ്പുനിറം മാറ്റാന്‍ വെണ്ണയില്‍ (ഉപ്പു ചേരാത്തത്) കുങ്കുമപ്പൂ ചാലിച്ചു ചുണ്ടില്‍ പുരുക. വെണ്ണയില്‍ രണ്ടു മൂന്നു തുള്ളി തേന്‍ ചേര്‍ത്തു ചുണ്ടില്‍ പുരുക. ചുണ്ടിലെ കരുവാളിപ്പു മാറി നല്ല തുടുപ്പ് ഉണ്ടാകും. കറുത്ത ചുണ്ടുകള്‍ മുഖസൗന്ദര്യത്തെ ആകെ കെടുത്തിക്കളയും. ചുണ്ടു തുടുക്കാന്‍ കുങ്കുമപ്പൂവ് ഉപയോഗിക്കാം. കുങ്കുമപ്പൂവ് ഒരു തുളളി തേനില്‍ ചാലിച്ച് വയ്ക്കുക. ഈ മിശ്രിതത്തില്‍ അല്‍പം പാലും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടിയാല്‍ കറുപ്പു നിറം അശേഷം മാറി തുടുത്ത റോസാദളങ്ങള്‍ പോലെയാകും.
ജരാനരകളെ അകറ്റാം…
പ്രായവ്യത്യാസമില്ലാതെ ജരാനരകളെ അകറ്റി സ്ഥായിയായ സൗന്ദര്യം നിലനിര്‍ത്തുന്നതിനുവേണ്ടി സ്വദേശത്തുനിന്നും വിദേശത്തുനിന്നും കുറേപേർ കേരളത്തിലെ ആയുര്‍വേദത്തെ ആശ്രയിക്കാറുണ്ട്. ത്വക്കിനും ശരീരത്തിനും അനുയോജ്യമായ തൈലങ്ങളും ലേപനങ്ങളും തെരഞ്ഞെടുക്കുകയും ശോധന ചികിത്സ (ഡി ടോക്‌സിഫിക്കേഷന്‍ തെറാപ്പി) കൂടി സമന്വയിപ്പിച്ച് ചെയ്യുന്നതിനാല്‍ ഫലപ്രദവും ഏറെക്കാലം നീണ്ടുനില്‍ക്കുന്നതുമായ ആരോഗ്യപരമായ സൗന്ദര്യം പ്രദാനം ചെയ്യാന്‍ ആയുര്‍വേദത്തിന് കഴിയും.
മുടികൊഴിച്ചല്‍, താരന്‍, കരുവാളിപ്പ്, മുഖക്കുരു, കാലിനുണ്ടാവുന്ന വിണ്ടുകീറല്‍, അമിതമായ വരള്‍ച്ച തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ ഔഷധ പ്രയോഗങ്ങള്‍ പ്രകൃതിയില്‍ ലഭ്യമാണ്. ചെമ്ബരത്തികൊണ്ടുണ്ടാക്കുന്ന ഷാംപൂ, കഞ്ഞുണ്ണി, ചെമ്ബരത്തി, വേപ്പ്, കറിവേപ്പില മുതലായ ഔഷധക്കൂട്ട് ഉപയോഗിച്ച് ഉണ്ടാക്കുന്ന വെളിച്ചെണ്ണ മുടിക്ക് കറുപ്പും ദൃഢതയും മുടികൊഴിച്ചില്‍ അകറ്റുന്നതിനും ഏറെ പ്രയോജനകരമാണ്.
കൃത്രിമ നിറങ്ങള്‍ മുടിയില്‍ ഉപയോഗിക്കുന്നതിനു പകരം മൈലാഞ്ചി, ചെമ്ബരത്തി, നെല്ലിക്ക എന്നിവ ഉപയോഗിച്ച് മുടിക്ക് കളര്‍ ചെയ്യാം. ഇതില്‍ നെല്ലിക്ക, ചെമ്ബരത്തി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ തീര്‍ച്ചയായും മുടിക്ക് കറുപ്പും ആരോഗ്യവും ഉണ്ടാകാന്‍ സഹായകമാകുന്നു.
കറിവേപ്പില ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് അകാലനര അകറ്റും.കുളിക്കുമ്ബോള്‍ ഒരിക്കലും തലയില്‍ ചൂടുവെളളമൊഴിക്കരുത്. കണ്ണിനുണ്ടാകുന്ന പല പ്രശ്‌നങ്ങളും തലവേദനയും കൂടാനുളള കാരണം ചൂടുവെളളത്തിലുളള തല കഴുകലാണ്.ശുദ്ധമായ മഞ്ഞളും, തൈര് അല്ലെങ്കില്‍ തേന്‍ ഉപയോഗിച്ച് മുഖത്ത് പാക്ക് ചെയ്യുകയാണെങ്കില്‍ നിറം വര്‍ധിക്കാനും മുഖത്തെ കരിവാളിപ്പ് മാറ്റി മുഖം ഭംഗിയാവുകയും ചെയ്യും.
കറ്റാര്‍വാഴ നീര് ദിവസവും പുരട്ടി താരന്‍ അകറ്റാം. തലേന്ന് വെള്ളത്തില്‍ കുതിര്‍ന്ന ഉലുവ അരച്ച് പുരട്ടി തല കഴുകുന്നതും മുടി വളരാന്‍ ഉത്തമമാണ്. ഇതോടൊപ്പം വിവിധ തരത്തിലുള്ള ആയുര്‍വേദ ഫേഷ്യല്‍, ഫൂട്ട് മസാജ് കൂടെ കാസാ ഹെഡ് മസാജ്, ഫേസ് മസാജ് തുടങ്ങിയ രീതികളും ആയുര്‍വേദത്തില്‍ ഏറെ ഫലപ്രദമായി ചെയ്തുവരുന്ന ചികിത്സാ രീതികളാണ്.