റിയാദ്: സൗദി അറേബ്യ (Saudi Arabia) ലക്ഷ്യമിട്ട് വീണ്ടും യെമൻ സായുധ വിമത സംഘമായ ഹൂതികളുടെ (Houthi rebels) ആക്രമണം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് (Khamis Mushait) ലക്ഷ്യമിട്ടാണ് യെമനിൽ നിന്ന് ഡ്രോൺ ആക്രമണമുണ്ടായത് (Drone attack). എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി സേന (Saudi forces) ഡ്രോൺ തകർത്തു.
അതേസമയം സൗദി അറേബ്യയിൽ ആക്രമണം നടത്താനായി പദ്ധതിയിട്ടിരുന്ന ഒരു ബോട്ടും അറബ് സഖ്യസേന തകർത്തു. യെമനിലെ ഹുദൈദയ്‍ക്ക് സമീപത്താണ് അറബ് സഖ്യസേന ആക്രമണം നടത്തിയത്. സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തെ കുവൈത്ത് അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും പരമാധികാരവും സംരക്ഷിക്കാനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും തങ്ങളുടെ പിന്തുണയുണ്ടെന്നും കുവൈത്ത് അറിയിച്ചു.
അതേസമയം അറബ് സഖ്യസേന യെമനിൽ നടത്തിയ പ്രത്യാക്രമണത്തിൽ 110 ഹൂതികൾ കൊല്ലപ്പെട്ടതായി സേന അറിയിച്ചു. യെമനിലെ മഗ്‍രിബ് നഗരത്തിന് സമീപം സിർവ അൽ ജൌഫിലാണ് വ്യോമക്രമണം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതികളുടെ 22 സൈനിക വാഹനങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും തകർത്തതായും അറബ് സഖ്യസേന അവകാശപ്പെട്ടു.