തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി തീരുമാനിക്കുന്നതിന് സംയുക്തയോഗം നടന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞതിന് എതിരായി തെളിവ്. മരം മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള വനംവകുപ്പിൻ്റെ ഉത്തരവില്‍ യോഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
ജലവിഭവവകുപ്പ് അഡീ ചീഫ് സെക്രട്ടറി യോഗം നടത്തിയെന്നും ഒപ്പം യോഗതീയതിയും തീരുമാനവും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഫയലുകളെല്ലാം നോക്കുന്നത് ജലവിഭവ വകുപ്പാണെന്നും സംയുക്ത പരിശോധനയെക്കുറിച്ച് താന്‍ അറിയാതിരുന്നത് അതുകൊണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുല്ലപ്പെരിയാറില്‍ മരം മുറിയില്‍ തീരുമാനമെടുക്കാന്‍ നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നില്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റ്യന്‍ പാലായില്‍ പ്രതികരിച്ചത്. യോഗം ചേര്‍ന്നിട്ടില്ലെന്നാണ് ജലവിഭവ അഡീഷനല്‍ സെക്രട്ടറി ടി കെ ജോസ് തന്നെ അറിയിച്ചത്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ല. മരംമുറിക്കാനുള്ള തീരുമാനം ഒരു വകുപ്പും എടുത്തിട്ടില്ല. ഉത്തരവിറങ്ങിയെന്ന് തെളിയിച്ചാല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.