ഉത്തർപ്രദേശ്: ലഖിംപൂർ ഖേരി കേസിലെ പ്രതി ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി സ്ഥിതികരിച്ചു. ഫോറൻസിക് പരിശോധനയിലാണ് നേരത്തെ ആശിഷ് മിശ്ര സ്വീകരിച്ച നിലപാടിനെ തള്ളുന്ന തെളിവ് ലഭ്യമായത്. വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കർഷകർക്കു നേരേ ആശിഷ് മിശ്ര വെടിവെച്ചു എന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ട്.
കർഷകർക്കിടയിലെയ്ക്ക് വാഹനം ഒടിച്ച് കയറ്റി എന്നതിനൊപ്പം ആ സമയത്ത് ആശിഷ് മിശ്രയും കൂട്ടാളികളും കർഷകർക്കു നേരേ വെടിവച്ചതായി ആദ്യം മുതലെ കർഷകർ ആക്ഷേപം ഉന്നയിച്ചിരുന്നു. സ്ഥലത്ത് നിന്ന് രണ്ട് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിരുന്നു. ആശിഷ് മിശ്രയുടെയും അങ്കിത് ദാസിൻ്റെയും ലൈസൻസുള്ള ആയുധങ്ങൾ ലഖിംപൂർ ഖേരി പോലീസ് തുടർന്ന് കസ്റ്റഡിയിലെടുത്തു.
ഇവ ഫോറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കിയതിൻ്റെ റിപ്പോർട്ടിലാണ് ആശിഷിന് തിരിച്ചടിയാകുന്ന കണ്ടെത്തൽ. പ്രതികളായ ആശിഷ് മിശ്രയുടെയും അങ്കിത് ദാസിൻ്റെയും ലൈസൻസുള്ള തോക്കുകളിൽനിന്ന് വെടിയുതിർത്തിട്ടുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.