മുംബൈ: നടൻ സുശാന്ത് സിങ് രജ്പുതിൻറെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിനോട് അനുബന്ധിച്ച് നടി റിയ ചക്രവർത്തിയുടെ ബാങ്ക് അക്കൗണ്ടുകൾക്കും സ്ഥിരം നിക്ഷേപത്തിനും ഏർപ്പെടുത്തിയ വിലക്ക് നീക്കി. നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഏർപ്പെടുത്തിയിരുന്ന വിലക്കാണ് മുംബൈ കോടതി നീക്കിയത്. കൂടാതെ, അന്വേഷണത്തിൻറെ ഭാഗമായി എൻ.സി.ബി കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്പ് അടക്കമുള്ള ഗാഡ്ജെറ്റുകളും റിയക്ക് തിരികെ നൽകാൻ കോടതി ഉത്തരവിട്ടു.
യാതൊരു കാരണവും കൂടാതെയാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും ഗാഡ്ജെറ്റുകൾ പിടിച്ചെടുത്തതെന്നും കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ റിയ ചൂണ്ടിക്കാട്ടി. ജീവനക്കാർക്കുള്ള ശമ്പളം, ജി.എസ്.ടി അടക്കമുള്ള നികുതി അടക്കമുള്ളവ നൽകാൻ പണം ആവശ്യമാണ്. വസ്ത്രങ്ങളും മറ്റ് നിത്യോപയോഗ ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിച്ച പണമാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ, സഹോദരൻ തന്നെ ആശ്രയിച്ചാണ് കഴിയുന്നത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ട് പത്ത് മാസമായി. മുൻവിധിയോടെയുള്ള അധികൃതരുടെ പ്രവൃത്തി അനീതിയാണെന്നും റിയ ചക്രവർത്തി ചൂണ്ടിക്കാട്ടി.
അതേസമയം, നടിയുടെ സ്വത്ത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
സുശാന്ത് സിങ് രജ്പുതിൻറെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ 2020 സെപ്റ്റംബർ എട്ടിനാണ് കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ എൻ.സി.ബി അറസ്റ്റ് ചെയ്തത്. റിയക്കെതിരെ 12,000 പേജുള്ള കുറ്റപത്രമാണ് എൻ.സി.ബി കോടതിയിൽ സമർപ്പിച്ചത്. 12000 പേജുകളുള്ള കുറ്റപത്രം അനുബന്ധ രേഖകൾ കൂടിച്ചേരുമ്പോൾ 40,000 പേജിൽ അധികമാകും.
റിയ, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിൻറെ മുൻ മാനേജർ സാമുവേൽ മിറാൻഡ, വീട്ടുജോലിക്കാർ, ലഹരി ഇടപാടുകാർ എന്നിവരടക്കം 33 പേർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളുമാണ് കുറ്റപത്രത്തിലുള്ളത്.