ക്യാന്‍സര്‍ കേസുകളില്‍ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി , വ്യായാമമില്ലായ്മ, മദ്യപാനം ,അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്.അസാധാരണമായ കോശവളര്‍ച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അര്‍ബുദം അഥവാ കാന്‍സര്‍.
ചിട്ടയായ വ്യായാമവും മാനസികാരോഗ്യവും എല്ലാം ക്യാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും ഏറെ പ്രധാനമാണ്.ക്യാന്‍സറിനെ അകറ്റാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അമിത മദ്യപാനവും ക്യാന്‍സറിന് കാരണമായേക്കാം. മദ്യപിക്കുന്നവര്‍ പുകവലിക്കുന്നവർ കൂടിയാണെങ്കില്‍ തൊണ്ടയില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയും കൂടാം. അതിനാല്‍ പുകവലിയും മദ്യപാനവും കുറയ്ക്കുക ആണ് നല്ലത്.
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും . ഉപ്പിട്ട് ഉണക്കിസൂക്ഷിക്കുന്ന ഭക്ഷണവസ്തുക്കളുടെ അമിത ഉപയോഗവും കുറയ്ക്കാം. ഇത്തരം ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന നൈട്രേറ്റ് ആമാശയത്തിലെ ദഹനരസങ്ങളുമായി പ്രവര്‍ത്തിച്ചു നൈട്രോസമൈന്‍ എന്ന ക്യാന്‍സര്‍ പ്രേരിതവസ്തുവായിത്തീരുന്നു. ഈ രാസവസ്തുവിന്റെ തുടര്‍ച്ചയായ സാന്നിധ്യം ക്യാന്‍സറിന് കാരണമായേക്കാം.
മധുരം, ഉപ്പ്, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവില്‍ കഴിക്കുന്നതാണ് ക്യാന്‍സര്‍ പ്രതിരോധത്തിന് നല്ലത്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കാം. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധ വേണം.
സസ്യാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ പ്രതിരോധത്തിന് ഏറെ ഗുണം ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ധാരാളമായി കഴിക്കാം. ചീര, കാബേജ്, കോളിഫ്ലവര്‍ , ബ്രോക്കോളി, ക്യാരറ്റ്, തക്കാളി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നട്സ് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.