ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ തിരക്കേറിയ റോഡിൽ ബൈക്കുകളിലും സ്‌കൂട്ടറുകളിലും സഞ്ചരിക്കുകയായിരുന്ന ആളുകളെ ഇടിച്ചുതെറിപ്പിച്ച് വെള്ള ഔഡി കാർ. ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭയാനകമായ ഈ അപകടത്തിൻ്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഫൂട്ടേജിൽ തിരക്കേറിയ റോഡിലൂടെ വെള്ള ഔഡി ചീറിപ്പായുന്നത് കാണാം. മുന്നിലുള്ള ഇരുചക്രവാഹനങ്ങളുടെ കൂട്ടത്തിനുമുമ്പ് വേഗത കുറയ്ക്കുന്നതിനുപകരം സെഡാൻ വേഗത കൈവരിക്കുന്നതായി തോന്നുകയും ഒരു മോട്ടോർ സൈക്കിളിൽ ഇടിക്കുകയും ചെയ്യുന്നത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ജോധ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചതായും അവിടെ ഒരാൾ പരിക്കേറ്റ് മരിച്ചതായും പോലീസ് പറഞ്ഞു. 30 കാരനായ മുകേഷ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റവരിൽ മൂന്ന് പേർ റോഡിന് സമീപമുള്ള കുടിലുകളിലും നാല് പേർ വാഹനയാത്രികരുമാണ്.
പാൽ റോഡിൽ നിന്ന് എയിംസിലേക്ക് വരികയായിരുന്ന ഔഡി കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് ഓഫീസർ നൂർ മുഹമ്മദ് പറഞ്ഞു. “കാർ അമിത വേഗതയിലായിരുന്നു. ഡ്രൈവർ അമിത് നഗർ ആണെന്ന് തിരിച്ചറിഞ്ഞു. ഇയാൾ പോലീസിൽ കീഴടങ്ങി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്,”- ഓഫീസർ പറഞ്ഞു.
ഒരു ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച രാവിലെ ജോധ്പൂരിലെത്തിയ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിമാനത്താവളത്തിൽ നിന്ന് നേരെ ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു. വേഗത്തിൽ സുഖം പ്രാപിക്കാൻ എയിംസ് ഡോക്ടർമാരോടും ഭരണകൂടത്തോടും ശ്രദ്ധാപൂർവമായ പരിചരണം നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടതായാണ് റിപോർട്ടുകൾ. മുകേഷിൻ്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്ക് ഗുരുതരമായവർക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.