ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബർ 29 മുതൽ ഡിസംബർ 23വരെ ചേരും. കഴിഞ്ഞദിവസം ചേർന്ന പാർലമെന്ററികാര്യ മന്ത്രിതല സമിതിയുടെ ശുപാർശ പ്രകാരമാണിത്. കോവിഡ് മൂലം കഴിഞ്ഞ വർഷം പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഉപേക്ഷിച്ചിരുന്നു.അവധികൾ ഒഴിച്ച് 20 സിറ്റിംഗുകളാണ് സമ്മേളനകാലത്ത് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സമ്മേളനങ്ങളിലേത് പോലെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുസഭകളും ഒരേസമയമാകും ചേരുക. സമ്മേളനം തുടങ്ങുന്നതിന് മുമ്പ് അംഗങ്ങൾക്ക് കോവിഡ് പരിശോധന നടത്തും.
യു.പി, പഞ്ചാബ് അടക്കം വിവിധ നിയമസഭ തെരഞ്ഞെടുപ്പുകൾ വരാനിരിക്കേ, ശീതകാല സമ്മേളനത്തിന് ഇത്തവണ പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ട്. വിലക്കയറ്റം, ഇന്ധന വില, ലഖിംപുർ അതിക്രമം, കർഷക സമരം, പെഗസസ് തുടങ്ങി സർക്കാറിനെതിരെ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധത്തിന് പാർലമെൻറ് വേദിയാകും. പെഗസസ് വിഷയത്തിൽ സർക്കാർ വിശദീകരണം നൽകാത്തതിനെ തുടർന്ന് പ്രതിപക്ഷം സമരം ചെയ്തതോടെ കഴിഞ്ഞ സഭാസമ്മേളനം നിശ്ചയിച്ചതിനേക്കാൾ നേരത്തെ അവസാനിപ്പിക്കുകയായിരുന്നു