ജയ്പൂർ: പെട്രോൾ ഡീസൽ നികുതി കുറയ്‌ക്കാനൊരുങ്ങി രാജസ്ഥാനും. ഇന്ധന നികുതി കുറയ്‌ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. ജോധ്പൂരിൽ നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചതിനെ തുടർന്ന് മൂല്യവർദ്ധിത നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളും നിർബന്ധിതമായ സാഹചര്യത്തിലാണ് തീരുമാനം.കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും നേരത്തെ ഇന്ധന നികുതി കുറച്ചിരുന്നു.
അതേസമയം എത്രരൂപയാണ് കുറയ്‌ക്കുകയെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.ഇന്ധന വിലയുടെ പട്ടികയിൽ മുൻനിരയിലാണ് രാജസ്ഥാൻ. പെട്രോളിന് 111 രൂപയും ഡിസലിന് 95 രൂപയുമാണ് രാജസ്ഥാനിലുള്ളത്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും മൂല്യ വർദ്ധിത നികുതി കുറയ്‌ക്കാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ തയ്യാറായിരുന്നില്ല. എന്നാൽ ബിജെപി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങൾ കുറച്ചതിന് പിന്നാലെയുള്ള സമ്മർദ്ധത്തെ തുടർന്നാണ് രാജസ്ഥാനും നികുതി കുറയ്‌ക്കാൻ തയ്യാറാകുന്നത്.