തിരുവനന്തപുരം;പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന ‘സ്റ്റാർസ്’ (സ്ട്രങ്തനിങ് ടീച്ചിങ് ലേണിങ് ആന്റ് റിസൾട്ട് ഫോർ സ്റ്റുഡന്റ്‌സ്) പദ്ധതിക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായുള്ള ഏകദിന ശില്പശാല പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയങ്ങൾക്ക് കൂടുതൽ ദിശാബോധം നൽകുന്നതും നിലവിലെ വിദ്യാഭ്യാസ പദ്ധതികൾക്കൊപ്പം നടപ്പിലാക്കാൻ കഴിയുന്നതുമായ പരിപാടികളാണ് സ്റ്റാർസ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രീ സ്‌കൂൾ വിദ്യാഭ്യാസം, മൂല്യനിർണയം, അധ്യാപക പരിശീലനം, അക്കാദമികമാനേജ്‌മെന്റ്, തൊഴിൽനൈപുണി വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
2021-22 അക്കാദമിക വർഷത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ അംഗീകാരം ലഭിച്ചിട്ടുളള പരിശീലന പരിപാടികളുടെ പ്രവർത്തന വിശദാംശങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്തു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ.പ്രസാദ് അധ്യക്ഷനായിരുന്നു. അഡീഷണൽ ഡി.പി.ഐ സി.ഐ.സന്തോഷ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്, സമഗ്ര ശിക്ഷാ കേരളം പ്രോജക്ട് ഡയറക്ടർ ഡോ.എ.പി.കുട്ടികൃഷ്ണൻ, കൈറ്റ് സി.ഇ.ഒ അൻവൻ സാദത്ത്, സീമാറ്റ്-കേരള ഡയറക്ടർ ഡോ.എം.എ.ലാൽ, സംസ്ഥാന പ്രോഗ്രാം ഓഫീസർമാരായ എൻ.ടി.ശിവരാജൻ, എ.കെ.സുരേഷ്‌കുമാർ, അമുൽറോയ്.ആർ.പി. തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസർ സി. രാധാകൃഷ്ണൻ നായർ പദ്ധതി അവതരണം നടത്തി. വിദ്യാഭ്യാസ മേഖലയിലെ വിവിധ തലങ്ങളിലുളള വിദഗ്ധർ ശിൽപശാലയിൽ പങ്കെടുത്തു.