തിരുവനന്തപുരം: സിനിമാ കലാകാരൻമാരെ സർക്കാർ സംരക്ഷിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമാ ഷൂട്ടിംഗ് തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കോൺഗ്രസ് നേതൃത്വം ഒരു കലാരൂപത്തോടും തൊഴിൽ മേഖലയോടും കലാപപ്രഖ്യാപനം നടത്തുകയാണെന്ന് സജി ചെറിയാൻ ആരോപിച്ചു.
സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ ഇന്ന് ചേർന്ന കെപിസിസി നേതൃയോഗത്തിലും രൂക്ഷവിമർശനം ഉയർന്നിരുന്നു. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടർത്തരുതെന്ന് നേതൃയോഗത്തിൽ പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു.
സിനിമ സർഗാത്മക പ്രവർത്തനമാണെന്നും ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്നും സുധാകരൻ വിമർശിച്ചു. ഇക്കാര്യം യൂത്ത് കോൺഗ്രസിനെ അറിയിക്കാനും യോഗം തീരുമാനിച്ചു.