ന്യൂഡൽഹി: കോവിഡ് വാക്സിന് സർട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യ 96 രാജ്യങ്ങളുമായി ധാരണയിൽ എത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയുടെ കോവീഷീല്‍ഡ്, കോവാക്സിന് എന്നിവ ഈ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇത് മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കുമെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
96 രാജ്യങ്ങളില്‍ കാനഡ, യുഎസ്എ, യുകെ, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്പെയ്ന്‍, ബംഗ്ലാദേശ്, മാലി, ഘാന, സിയേറലിയോണ്‍, അംഗോള, നൈജീരിയ, ബെനിന്‍, ചാഡ്, ഹംഗറി, സെര്‍ബിയ, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ, ക്രൊയേഷ്യ, ബള്‍ഗേറിയ, തുര്‍ക്കി, ഗ്രീസ്, ഫിന്‍ലന്‍ഡ്, എസ്റ്റോണിയ, റൊമാനിയ, മോള്‍ഡോവ, അല്‍ബേനിയ, ചെക്ക് റിപബ്ലിക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, ലിച്ചെന്‍സ്റ്റെയ്ന്‍, സ്വീഡന്, ഓസ്ട്രിയ, മോണ്ടെനെഗ്രോ, ഐസ്ലന്ഡ് എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു.
ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകളും അനുവദിക്കും. കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാവും.
കോവാക്സിന് ഇന്നാണ് ബ്രിട്ടന്റെ അംഗീകാരം ലഭിച്ചത്. ഇന്ത്യയുടെ കോവാക്സിന് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെ നവംബര്‍ 22ന് ശേഷം ക്വാറന്റീന് ഇല്ലാതെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ അനുവദിക്കും.
രാജ്യത്ത് 109 കോടി ഡോസ് വാക്സിന് നല്‍കിക്കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു. ഇനിയും വാക്സിന് ലഭിക്കാത്ത മേഖലകളിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിച്ചേരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.