സുൽത്താൻബത്തേരി: വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് (maoist) പ്രവർത്തകർ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. കർണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ബി ജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായതായി സൂചനയുള്ളത്.
സുൽത്താൻ ബത്തേരിയിൽ വെച്ച് എൻഐഎ സംഘം രണ്ടുപേരെയും അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.
കഴിഞ്ഞ ദിവസം നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ മാവോയിസ്റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ കണ്ണൂർ പോലീസ് പിടികൂടിയിരുന്നു. തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രനെ പോലീസ് എൻഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചത്.
അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളെ എങ്ങോട്ടേക്ക് മാറ്റിയെന്നതിനെ കുറിച്ച് പൊലീസ് മറുപടി നൽകിയിട്ടില്ല. വയനാട് ജില്ലയിലെ പലയിടങ്ങളിലും ഇവരുടെ കൂട്ടാളികൾക്കായി തീവ്രവാദ വിരുദ്ധ സ്ക്വാഡ് തെരച്ചിൽ നടത്തുന്നതായാണ് വിവരം.
രണ്ട് ദിവസം മുൻപ് സമാനരീതിയിൽ കണ്ണൂരിൽ ഒളിവിൽ കഴിയുകയായിരുന്ന മാവോവാദി പിടിയിലായിരുന്നു. മുരുകൻ എന്ന ഗൗതം ആണ് പാപ്പിനിശ്ശേരിയിൽ എൻഐഎയുടെ പിടിയിലായത്.വാഹന പരിശോധനയ്‌ക്കിടെയാണ് ഇയാൾ പിടിയിലായത്.