തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എൽഡിഎഫ് അനുമതി. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി.ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു കോട്ടയത്തു നടത്തിയ ചർച്ചയെത്തുടർന്നു സ്വകാര്യ ബസ് സമരം മാറ്റിവച്ചിരുന്നു. നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് മുതൽ തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകൾ പിൻവലിച്ചത്. ചർച്ച തുടരുമെന്നും ഈ മാസം 18നകം പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
മിനിമം ചാർജ് 8 രൂപയിൽ നിന്ന് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ മിനിമം ചാർജ് 6 രൂപയാക്കുക, കിലോമീറ്റർ ചാർജ് ഒരു രൂപ ആയി ഉയർത്തുക എന്നിവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. കൊവിഡ് പ്രതിസന്ധി കഴിയും വരെ നികുതി ഇളവ് ചെയ്യുകയെന്ന ആവശ്യവും ബസ് ഉടമകൾ മുന്നോട്ട് വച്ചിട്ടുണ്ട്.ബസ് ചാർജ് വർധനക്ക് എൽ.ഡി.എഫ് അനുമതി നൽകിയതോടെ തീരുമാനം ഉടനെ ഉണ്ടാകും. വർധനയുടെ നിരക്ക് ബസുടമകളുമായി ചർച്ച നടത്തിയ ശേഷമാകും തീരുമാനിക്കുക.