കൊച്ചി: തനിക്കെതിരായ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. അമ്മയ്ക്കൊപ്പം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. ഇപ്പോള്‍ കേസിൻ്റെ കാര്യത്തിനാണ് മുന്‍ഗണന. മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും സ്വപ്‌ന കൊച്ചിയില്‍ പറഞ്ഞു.
ജയിലിൽ നിന്നിറങ്ങിയ ശേഷം ആദ്യമായാണ് സ്വപ്ന പ്രതികരിക്കുന്നത്. നേരത്തെ ജയിൽമോചിതയായ ശേഷം പിന്നെപ്പറയാം എന്ന ഒറ്റവാക്കിൽ പ്രതികരണം ഒതുക്കിയിരുന്നു. 2020 ജൂലൈ 11ന് അറസ്റ്റിലായ സ്വപ്ന 15 മാസവും 25 ദിവസവും കസ്റ്റഡിയിൽ തികച്ചു.
എൻഐഎ കേസിനൊപ്പം സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി സ്വപ്ന പ്രതിയായ ആറു കേസുകളിലും കോടതി ജാമ്യം നൽകിയിരുന്നു. 2020 ജൂൺ 30നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ നയതന്ത്ര ബാഗേജിൽ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം പിടിച്ചതാണു കേസിനാധാരം.
തുടർന്നു വിവിധ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണു ഡോളർ കടത്തിന് ഉൾപ്പെടെ കൂടുതൽ കേസുകളെടുത്തത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ഉൾപ്പെടെയുള്ളവരാണു പ്രതികൾ