ആലപ്പുഴ: നാടും വീടും ഉപേക്ഷിച്ച് കഴിയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മകന്‍റെ ജീവിതത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ സമീപിച്ചു. വര്‍ഷങ്ങളായി വീടും മാതാപിതാക്കളെയും സഹോദരങ്ങളെയും അവഗണിച്ച് കഴിയുന്ന മകന്‍റെ സാമ്പത്തിക ഇടപാടുകളില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കണമെന്നും മുഖ്യന്ത്രി പിണറായി വിജയന് അയച്ച പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആലപ്പുഴ ചേര്‍ത്തല ചേന്നം പള്ളിപ്പുറം പുത്തന്‍തറയില്‍ വീട്ടില്‍ 80 വയസ്സുള്ള പി കെ രവീന്ദ്രനാണ് തന്‍റെ മകനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. തൃശ്ശൂര്‍ പട്ടിക്കാട് കെ എസ് ഇ ബി ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടായി ജോലി ചെയ്യുന്ന ആര്‍.പി.രവിചന്ദ്രനെതിരെയാണ് പരാതി.
1995 ജൂലൈ 13 ന് ജോലിയില്‍ പ്രവേശിച്ച രവിചന്ദ്രന്‍ ഇത്രയും വര്‍ഷമായിട്ടും നാട്ടില്‍ ഒരിടത്തും ജോലി ചെയ്തിട്ടില്ല. ഒരു ദിവസം പോലും മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം വീട്ടില്‍ കഴിഞ്ഞിട്ടില്ല. 1970 ല്‍ കുടികിടപ്പവകാശമായി കിട്ടിയ 10 സെന്‍റ് നിലം നികത്ത് ഭൂമിയില്‍ ചുറ്റും വെള്ളക്കെട്ടുള്ള സ്ഥലത്ത് 480 സ്ക്വയര്‍ ഫീറ്റ് വാര്‍ക്കല്‍ വീട്ടിലാണ് രവിചന്ദ്രന്‍റെ മാതാപിതാക്കള്‍ കഴിയുന്നത്. ഇരുവരും വാര്‍ദ്ധക്യത്തിന് പുറമെ വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലുമാണ്.
പ്രതിമാസം 175000/-(ഒരു ലക്ഷത്തിഎഴുപത്തയ്യായിരം രൂപ) ശബളം വാങ്ങുന്ന രവിചന്ദ്രന്‍ വീടിന്‍റെ അറ്റകുറ്റപ്പണിക്കോ മാതാപിതാക്കളുടെ ചികിത്സയ്ക്കോ യാതൊരു സഹായവും ചെയ്യുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലടക്കം പിതാവ് നിരവധി തവണ ആശുപത്രിയില്‍ കഴിഞ്ഞിട്ടും രവിചന്ദ്രന്‍ നേരില്‍ കാണാന്‍ തയ്യാറായിട്ടില്ല. വര്‍ഷങ്ങളായി നാടും വീടും ഉപേക്ഷിച്ച് കഴിയുന്ന രവിചന്ദ്രന് കുട്ടികളില്ല. ഇദ്ദേഹം ഭാര്യയുമായി കെ എസ് ഇ ബി കോര്‍ട്ടേഴ്സിലാണ് താമസം.
ലക്ഷങ്ങള്‍ വരുമാനമുണ്ടായിട്ടും മാതാപിതാക്കളെപ്പോലും ഉപേക്ഷിച്ച് കഴിയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രവിചന്ദ്രന്‍റെ ജീവിതത്തില്‍ ദുരൂഹതയുണ്ടെന്നും പിതാവ് ആരോപിക്കുന്നു. മകന്‍റെ രഹസ്യങ്ങള്‍ നിറഞ്ഞ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പിതാവ് മുഖ്യമന്തിക്ക് അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു. ഇതേ അന്വേഷണം ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, കെ എസ് ഇ ബി മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി അയച്ചിട്ടുണ്ട്.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റ്, 2007-ന്‍ കീഴില്‍ മെയിന്‍റനന്‍സ് ട്രൈബ്യൂണലിനു മുമ്പാകെയും രവീന്ദ്രന്‍ പരാതി നല്‍കിയിട്ടുണ്ട്. ‘വളരെയേറെ ദാരിദ്ര്യദു:ഖം അനുഭവിച്ചാണ് ഞങ്ങളുടെ മകനെ പഠിപ്പിച്ച് ജോലി സമ്പാദിച്ചത്. ജോലി ലഭിച്ച ഉടനെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്ത രവിചന്ദ്രന്‍ പിന്നീട് പൂര്‍ണ്ണമായും ഭാര്യയുടെ നിയന്ത്രണത്തിലാണ്.
ഇദ്ദേഹത്തിന്‍റെ ഭാര്യയെക്കുറിച്ചോ, ഭാര്യവീട്ടുകാരെക്കുറിച്ചോ മാതാപിതാക്കളോടോ സഹോദരങ്ങളോടോ രവിചന്ദ്രന്‍ ഇതേവരെ ഒന്നും വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. വിവാഹവും തുടര്‍ന്നുള്ള ഇവരുടെ ജീവിതവും പൂര്‍ണ്ണമായും രഹസ്യമായി തുടരുകയാണ്. ലക്ഷക്കണക്കിന് ശബളമുള്ള ദുരൂഹത നിറഞ്ഞ ജീവിതം നയിക്കുന്ന എന്‍റെ മകന്‍റെ ജീവന്‍ അപകടത്തിലാണ്. ഞങ്ങളുടെ മകനെ രക്ഷിക്കണം. മകനെ ആക്ഷേപിക്കാനോ മാനസികമായി തകര്‍ക്കാനോ ഞങ്ങള്‍ ഒരുക്കമല്ല. സ്വന്ത-ബന്ധങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും അകന്ന് ഒറ്റപ്പെട്ട് രഹസ്യജീവിതം നയിക്കുന്ന മകന്‍ ഞങ്ങളെ സഹായിച്ചില്ലെങ്കിലും ദുരൂഹത നിറഞ്ഞ ജീവിതത്തില്‍ നിന്ന് മകന് മോചനം ലഭിക്കണമെന്നും’ പി കെ രവീന്ദ്രന്‍ ആവശ്യപ്പെടുന്നു.