ഫഹദ് (Fahad) നായകനായെത്തിയ ചിത്രമായിരുന്നു മഹേഷ് നാരായണന്റെ (Mahesh Narayanan) സംവിധാനത്തിലുള്ള മാലിക്. മാലിക് എന്ന ചിത്രത്തിലെ ഫഹദിന്റെ പ്രകടനം ഏറെ അഭിനന്ദനം നേടിയിരുന്നു. മഹേഷ് നാരായാണനായിരുന്നു ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‍ത മാലികിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ്.
മാലിക് എന്ന ചിത്രത്തിൽ അഹമ്മദ് സുലൈമാൻ എന്ന കഥാപാത്രമായിട്ടായിരുന്നു ഫഹദ് അഭിനയിച്ചത്. വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ , ജോജു ജോർജ് ,സലിംകുമാർ , നിമിഷ സജയൻ, ദിനേഷ് പ്രഭാകർ, മാലാപാർവ്വതി, ദിവ്യപ്രഭ, അപ്പാനി ശരത്, ഇന്ദ്രൻസ്, സുധി കോപ്പ തുടങ്ങിയവർ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തി.
ആന്റോ ജോസഫാണ് ചിത്രം നിർമിച്ചത്. സനു വർഗീസ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. റമദാപള്ളിയെന്ന തീരദേശപ്രദേശത്തിന്റെയും അവിടുത്തെ ആളുകളുടെയും കഥയാണ് മാലിക് പറഞ്ഞത്.
മഹേഷ് നാരായണനാണ് ചിത്രത്തിന്റെ ചിത്രസംയോജനവും നിർവഹിച്ചത്. മാലിക് എന്ന ചിത്രം മഹേഷ് നാരായണന്റെ സംവിധാനപ്രതിഭ വീണ്ടും തെളിയിക്കുന്നതായിരുന്നുവെന്ന് അഭിപ്രായം റിലീസ് സമയത്ത് വന്നിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് റിലീസ് സമയത്ത് ലഭിച്ചതും. സുശിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.