കൊച്ചി: കൊച്ചിയില്‍ മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയില്‍ ക്ലബ് 18 ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. ഇവർ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ കണ്ടെടുക്കാനാണ് പരിശോധന. സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നീക്കം.
ഡിജെ പാര്‍ട്ടികഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. നവംബര്‍ ഒന്നിന് പാലാരിവട്ടത്ത് നടന്ന കാര്‍ അപകടത്തിലാണ് മുന്‍ മിസ് കേരള ആന്‍സി കബീര്‍, മിസ് കേരള റണ്ണറപ് അഞ്ജന, ഇവരുടെ സുഹൃത്ത് കെ എ മുഹമ്മദ് ആഷിക് എന്നിവര്‍ മരിച്ചത്. കാറോടിച്ച അബ്ദുറഹ്മാനെ മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിനും നരഹത്യയ്ക്കുമുള്ള വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
അബ്ദു റഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കും. ഡിജെ പാര്‍ട്ടിക്കിടെ അബ്ദുറഹ്മാന്‍ മദ്യപിച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ വിലക്കിയിട്ടും കാറോടിച്ചുവെന്നുമാണ് പോലീസ് പറയുന്നത്. ഇവര്‍ ഏത് സമയത്താണ് ഹോട്ടലില്‍ നിന്ന് പാര്‍ട്ടി കഴിഞ്ഞ് ഇറങ്ങിയതെന്നും പരിശോധിക്കും. അമിത വേഗത്തിലായിരുന്നു അപകടമുണ്ടാക്കിയ വാഹനമെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന നാലാമൻ ഇന്ന് മരണപ്പെട്ടു. ഇയാൾ എറണാകുളം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു.