തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൻ്റെ ഭാഗമായ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തിന് കേന്ദ്രജല കമ്മിഷൻ്റെ നിർദേശം. കേന്ദ്ര ജല വിഭവ വകുപ്പ് സെക്രട്ടറി, സംസ്ഥാന ജലവിഭവ, പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിനാണ് കത്തയച്ചിരിക്കുന്നത്. ഡാമിൻ്റെ അപ്രോച്ച് റോഡും ബലപ്പെടുത്തണമെന്നും കേന്ദ്രം സംസ്ഥാന ജലവിഭവ വകുപ്പിനോട് കത്തിൽ ആവശ്യപ്പെട്ടു. തമിഴ്നാടിൻ്റെ നിർദേശപ്രകാരമാണ് കേന്ദ്രജല കമ്മിഷൻ സംസ്ഥാന ജലവിഭവ വകുപ്പിന് കത്തയച്ചത്.
കേന്ദ്ര ജല കമ്മിഷന് ഇക്കാര്യത്തിൽ നിലപാടെടുക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കാരണം വിഷയത്തിൽ തീരുമാനം എടുക്കണ്ടത് സുപ്രിംകോടതിയോ അല്ലെങ്കിൽ കേന്ദ്രസർക്കാരിന്റേയോ നിർദേശത്തോടെയോ ആണെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്.
ഇതിനിടെ, മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് റദ്ദാക്കാനാവുമോ എന്ന് കേരള സർക്കാർ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി നിയമോപദേശം ലഭിച്ച ശേഷം മാത്രം മതിയെന്നാണ് തീരുമാനം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരെ മാത്രം നടപടി എടുത്താൽ ചോദ്യം ചെയ്യപ്പെടുമോ എന്ന് സർക്കാരിന് ആശങ്കയുണ്ട്.