ടൊവിനൊ (Tovino) നായകനാകുന്ന ചിത്രമാണ് മിന്നൽ മുരളി (Minnal Murali). ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മിന്നൽ മുരളിയെന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു.
മനു മഞ്‍ജിത്താണ് ചിത്രത്തിന്റെ ഗാന രചന നിർവഹിച്ചിരിക്കുന്നത്. മർത്യനും സുഷിൻ ശ്യാമും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. സുശിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. രണ്ട് മണിക്കൂർ 38 മിനിറ്റാണ് ചിത്രത്തിൻറെ ദൈർഘ്യമെന്നും നെറ്റ്ഫ്ളിക്സ് അറിയിച്ചിരുന്നു.
ബേസിൽ തന്നോട് ആദ്യം കഥ പറയുന്ന സമയത്ത് ഇത് ഇത്ര വലിയൊരു സിനിമ ആയിരുന്നില്ലെന്ന് നെറ്റ്ഫ്ളിക്സിന്റെ വെർച്വൽ ഫാൻ ഇവെൻറായി ‘ടുഡു’മിൽ ടൊവിനൊ പറഞ്ഞിരുന്നു. എൻറെയടുത്ത് ആദ്യം കഥ പറയുന്ന സമയത്ത് ഒരു കോമിക് ബുക്ക് കഥാപാത്രമായിട്ടാണ് മിന്നൽ മുരളി ഇരുന്നിരുന്നതെങ്കിൽ തിരക്കഥ പൂർത്തിയായപ്പോഴേക്ക് അത് വലിയൊരു സിനിമയായി. ഒരു ഒറിജിനൽ സൂപ്പർഹീറോ സ്‍ക്രിപ്റ്റ് മലയാളത്തിൽ വന്നാൽ എങ്ങനെയിരിക്കും എന്നതായിരുന്നു ചിന്ത. എൻറെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും മിന്നൽ മുരളി. ബേസിൽ എന്നോട് പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്. ഈ സിനിമ തീരുമ്പോഴേക്ക് നിങ്ങളെന്നെ ഒരേസമയം വെറുക്കുകയും സ്‍നേഹിക്കുകയും ചെയ്യുമെന്ന്. സിനിമ എങ്ങനെയായോ അതിനായുള്ള സ്‍നേഹം, ജോലിഭാരം ഓർത്തുള്ള വെറുപ്പ് എന്നാണ് ബേസിൽ പറഞ്ഞതായി ടൊവിനൊ വ്യക്തമാക്കിയിരുന്നു.