തിരുവനന്തപുരം: ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ക്ഷേമനിധി ബോർഡ് ചെയർമാൻമാരുടെ യോഗം വിളിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ക്ഷേമനിധി ബോർഡുകളുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.നിയമസഭയിൽ ക്ഷേമനിധി ബോർഡുകളുടെ അംശാദായ വർധനയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ബില്ലിൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ 18 ക്ഷേമനിധി ബോർഡുകളാണ് സംസ്ഥാനത്തുള്ളത്. ഇവയുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കും. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനായാണ് അംശദായത്തിൽ വർധന വരുത്തിയത്. തൊഴിലാളി സംഘടനകളോട് ആലോചിച്ചതിനു ശേഷമാണ് അംശാദായ വർധന നടപ്പിൽ വരുത്തിയത്. അംശദായം വർധിപ്പിക്കണമെന്നായിരുന്നു എല്ലാ ക്ഷേമനിധി ബോർഡുകളുടെയും നിലപാടെന്നും മന്ത്രി വ്യക്താക്കി. ക്ഷേമനിധി ബോർഡുകളെ സർക്കാർ സഹായിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണം മന്ത്രി തള്ളി. കോവിഡ് കാലത്ത് പ്രതിസന്ധി നേരിട്ട തൊഴിളാളികൾക്കും ക്ഷേമനിധി പ്രകാരമുള്ള ആനുകൂല്യങ്ങൾ മുടക്കമില്ലാതെ നൽകുന്നതിന് സർക്കാർ കോടി കണക്കിന് രൂപ ചെലവഴിച്ചെന്നും മന്ത്രി കണക്കുകൾ സഹിതം വ്യക്തമാക്കി.