ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ‘അനധികൃത സ്പാകൾ’, ‘വേശ്യാവൃത്തി റാക്കറ്റുകൾ’ എന്നിവയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപെട്ട് Justdial.com എന്ന ഓൺലൈന്‍ പോർട്ടലിന് സമൻസ് അയച്ച് ഡൽഹി വനിതാ കമ്മീഷന്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഫയൽ ചെയ്യുന്നതിനായി ജോയിന്റ് പോലീസ് കമ്മീഷണർക്ക് (ക്രൈം) ഡൽഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാൾ നോട്ടീസ് അയച്ചു.
Justdial.com പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്പാകളുടെ എണ്ണം, അവയുടെ വിലാസം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരിക്കണം. ഈ സ്പാകളുടെ രജിസ്ട്രേഷനായി ജസ്റ്റ്ഡിയൽ സ്വീകരിച്ച നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ, ഈ സ്പാകൾക്കെതിരെ ലഭിച്ച പരാതികളുടെ വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങളോട് കൂടി നവംബർ 12-ന് ഹാജരാകാൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വിഷയത്തിൽ എഫ്‌ഐആർ ഫയൽ ചെയ്യണമെന്നും വാണിജ്യപരമായ ലൈംഗിക ചൂഷണം പ്രോത്സാഹിപ്പിക്കുന്ന സ്പാകൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടികൾ 2021 നവംബർ 12 നകം നല്‍കണമെന്നും ഡൽഹി പോലീസിന് നൽകിയ നോട്ടീസിൽ ഡൽഹി വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
കേസുമായി ബന്ധപെട്ട് വനിതാ കമ്മീഷന് ലഭിച്ച കോളുകളിലും സന്ദേശങ്ങളിലും പെൺകുട്ടികളുടെ ചിത്രങ്ങളും അവരുടെ സേവനങ്ങളുടെ ‘നിരക്കും’ പങ്കുവെച്ചിരുന്നു. ജോയിന്റ് പോലീസ് കമ്മീഷണർക്ക് അയച്ച നോട്ടീസിൽ സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും പങ്കുവെച്ചിട്ടുണ്ട്.
ചില സന്ദേശങ്ങളില്‍ “ബോഡി ടു ബോഡി മസാജ്”, “സാൻഡ്‌വിച്ച് മസാജ്” എന്നിവയും, സുന്ദരികളും ചെറുപ്പക്കാരികളുമായ ഇന്ത്യന്‍, വിദേശ ദേശീയ പെൺകുട്ടികളെ നൽകുമെന്ന് അവകാശപ്പെടുന്നതായും എഴുതിയിട്ടുണ്ട്.