കൊച്ചി: എറണാകുളം പാലാരിവട്ടത്ത് മുൻ മിസ് കേരള (അന്‍സി കബീര്‍ (Mis Kerala Ansi kabeer) അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. തൃശ്ശൂർ മാള സ്വദേശി അബ്ദുൾ റഹ്മാനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
വാഹനമോടിച്ച ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂട്ടുകാര്‍ വിലക്കിയിട്ടും ഇയാള്‍ വാഹനമോടിക്കുകയായിരുന്നു. തൃശ്ശൂര്‍ മാള സ്വദേശിയായ അബ്ദുള്‍ റഹ്മാനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ റഹ്മാൻ ഇന്ന് ആശുപത്രി വിട്ട ഉടൻ പാലാരവിട്ടം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വൈറ്റില ചക്കരപറമ്പിന് സമീപമാണ് നവംബര്‍ ഒന്നിന് പുലര്‍ച്ചെ അപകടം നടന്നത്. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അൻസിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു.
നാല് പേരാണ് കാറിലുണ്ടായിരുന്നത്. അന്‍സിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ആഷിഖ് ഇന്നലെ രാത്രിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഷിഖ് ചികിത്സയിലായിരുന്നു. അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണ് പറ്റിയത്.
2019-ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അൻസി കബീർ, ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു ആയുർവേദ ഡോക്ടർ ആയ തൃശ്ശൂർ ആളൂർ സ്വദേശി അഞ്ജന ഷാജൻ.