കോട്ടയം: എംജി സർവകലാശാലയ്ക്ക് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതായി ഗവേഷക വിദ്യാർത്ഥിനി ദീപ പി മോഹനന്‍. വൈസ് ചാൻസലറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചെന്ന് ഗവേഷക പ്രതികരിച്ചു. ഡോ.നന്ദ കുമാർ കളരിക്കലിനെ നാനോ സെന്ററിൽനിന്ന് പുറത്താക്കിയെന്ന് ഗവേഷക അറിയിച്ചു.
ഇദ്ദേഹത്തെ ഫിസിക്സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. മുമ്പ് മേൽനോട്ടം വഹിച്ചിരുന്ന അധ്യാപകൻ രാധാകൃഷ്ണന് തന്നെ വീണ്ടും മേൽനോട്ട ചുമതല നൽകി.
ഗവേഷണം തുടരാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാമെന്ന് വൈസ് ചാൻസലർ അറിയിച്ചിട്ടുണ്ട്. ഗവേഷണത്തിന് ഇരിപ്പിടം ഒരുക്കുമെന്നും കാലാവധി നീട്ടുന്നതിന് പ്രത്യേക ഫീസ് ഈടാക്കില്ലെന്നും വൈസ് ചാൻസലർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഗവേഷക വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലായിരുന്നു വിദ്യാർത്ഥിനി. നാനോ സയൻസസിൽ ഗവേഷണം നടത്താനുള്ള അഡ്മിഷൻ ലഭിച്ചിട്ടും അതിനുള്ള സൗകര്യം സർവകലാശാലാ അധികൃതർ നിഷേധിച്ചുവെന്നും ഹൈക്കോടതി ഉത്തരവുകൾ അടക്കം ഉണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും, തന്‍റെ അക്കാദമിക് കരിയറിലെ പത്ത് വിലപ്പെട്ട വർഷമാണ് നഷ്ടമായതെന്നും ആരോപിച്ചാണ് വിദ്യാർത്ഥിനി സർവകലാശാലയ്ക്ക് മുന്നിൽ നിരാഹാരസമരം തുടങ്ങിയത്.
ദലിത് ഗവേഷകയുടെ പരാതി ചർച്ച ചെയ്യാൻ എംജി സർവകലാശാലയിൽ ഇന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു.