ആലപ്പുഴ : മാവേലിക്കരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ എസ്ഡിപിഐ പ്രവർത്തകരുടെ കൊലപാതക ശ്രമം. മാങ്കാംകുഴിയിൽ മേഖലാ കമ്മിറ്റിക്ക് കീഴിലുള്ള ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണിനെയും ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥുൻ, ജസ്റ്റിൻ എന്നിവരെയുമാണ് ഒരു സംഘം എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിച്ചത്. വിവാഹ ചടങ്ങിനുള്ള സമ്മാനങ്ങൾ വാങ്ങാൻ എത്തിയ അരുണിന്റെ ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പിന്നീട് കൊലപാതക ശ്രമത്തിലേക്ക് എത്തിയത്. ബൈക്കുകൾ തമ്മിൽ തട്ടിയതിനെ തുടർന്നുണ്ടായ വാക്ക് തർക്കം പരിഹരിക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് തന്നെ ആക്രമിച്ചതെന്ന് ആക്രമണത്തിന് ഇരയായ അരുൺ പറഞ്ഞു.
ഒരു സംഘം എസ്ഡിപിഐ പ്രവർത്തകർ കത്തിയും കഠാരയുമായി തന്നെ ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടിയ ശേഷം കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും ഇല്ലായിരുന്നു എങ്കിൽ കൊലപ്പെടുത്തിയേനെയെന്നും അരുൺ പറഞ്ഞു. അരുണിന്റെ വലത് നെഞ്ചിനാണ് കുത്തേറ്റത്. തുടയ്ക്കും തലയ്ക്കും ഗുരുതരമായ പരിക്കേറ്റ അരുണിനെ മാവേലിക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈ ആക്രമണത്തിനുശേഷം പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ അക്രമണങ്ങൾ ബോധപൂർവമുള്ളതാണ് ജില്ലയിൽ ആയുധ പരിശീലനം നേടിയ ക്രിമിനൽ സംഘം ആണ് ഈ അക്രമണങ്ങൾക്ക് പിറകിൽ
മനപ്പൂർവ്വം പ്രകോപനം സൃഷ്ടിച്ച് നാട്ടിലെ സമാധാനന്തരീക്ഷം തകർക്കാനാണ് എസ്ഡിപിഐ സംഘം ശ്രമിക്കുന്നതെന്നും ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് ക്രിമിനൽ സംഘമാണെന്നും മാരകായുധങ്ങൾ ഉപയോഗിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരെ നേരിടാനുള്ള ശ്രമങ്ങൾ എസ്ഡിപിഐ അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു. ഇത്തരത്തിലുള്ള ക്രിമിനൽ സംഘങ്ങൾക്കെതിരായി ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്നും ഈ അക്രമ സംഘത്തെ അമർച്ച ചെയ്യാൻ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുലും പ്രസിഡന്റ് ജെയിംസ് ശാമുവേലും അഭ്യർത്ഥിച്ചു.