പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് കുട്ടികളെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി. റയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. അഞ്ച് ദിവസം മുൻപാണ് കുട്ടികളെ കാണാതായത്. സംഘം കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈയിലേക്ക് പോകാൻ ട്രെയിനിൽ കയറുന്നതിനിടെ ആർപിഎഫിന്റെ പിടിയിലാവുകയായിരുന്നു. ഇവരെ നാട്ടിലെത്തിക്കാൻ ആലത്തൂർ പോലീസ് കോയമ്പത്തൂരിലേക്ക് പോകും.
നവംബർ മൂന്നിന് ഉച്ചകഴിഞ്ഞാണ് നാലംഗ സംഘത്തെ കാണാതായത്. ഇരട്ട സഹോദരിമാരെ കാണാതായതോടെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒപ്പം പഠിച്ചിരുന്ന രണ്ടു ആണ്‍കുട്ടികളെയും കാണാനില്ലെന്ന് വ്യക്തമായത്. ആലത്തൂരിലെ എയ്ഡഡ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് നാല് പേരും.ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലും പാലക്കാടിന്റെ പരിസര പ്രദേശങ്ങളിലും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടികളെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്.