ദുബായ്: ടി20 ലോകകപ്പിൽ(T20 World Cup 2021) ടീം ഇന്ത്യക്ക്(Team India) ഇന്ന് അവസാന മത്സരം. ദുബായിൽ ഇന്ത്യൻസമയം രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ ദുർബലരായ നമീബിയ(India vs Namibia) ആണ് എതിരാളികൾ . ഇരുടീമുകളുടെയും സെമിപ്രതീക്ഷ അവസാനിച്ചതിനാൽ മത്സരഫലം അപ്രസക്തമാണ്. ഇന്നലെ പരിശീലന സെഷൻ റദ്ദാക്കിയ ഇന്ത്യ പേസർ ജസ്പ്രീത് ബുമ്ര(Jasprit Bumrah) അടക്കം ചില മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകിയേക്കും.
ടി20 ടീം നായകപദവിയിൽ വിരാട് കോലിയുടെയും പരിശീലകസ്ഥാനത്ത് രവി ശാസ്ത്രിയുടെയും വിടവാങ്ങൽ മത്സരമെന്ന പ്രത്യേകതയുമുണ്ട്. ടി20 ഫോർമാറ്റിൽ ഇരുടീമുകളും നേർക്കുനേർ വരുന്നത് ആദ്യമായാണ്.
ഇന്ത്യൻ ടി20 നായകസ്ഥാനത്ത് വിരാട് കോലിയുടെ അൻപതാം മത്സരം കൂടിയാണിത്. ഇതുവരെയുള്ള 49 മത്സരങ്ങളിൽ 29 ജയവും 16 തോൽവിയുമാണ് കോലിയുടെ പേരിലുള്ളത്. വിജയശതമാനം 63.82. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് തുടങ്ങി വിദേശത്ത് അടക്കം പരമ്പരകൾ വിജയിക്കാൻ കോലിക്ക് കഴിഞ്ഞു. 72 മത്സരങ്ങളിൽ നായകനായ എം എസ് ധോണിയാണ് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ടി20യിൽ ക്യാപ്റ്റനായ താരം. നിലവിൽ അന്താരാഷ്ട്ര ടീമുകളെ നയിക്കുന്നവരിൽ ഓയിൻ മോർഗൻ 69 ഉം ആരോൺ ഫിഞ്ച്, കെയ്‌ൻ വില്യംസൺ എന്നിവർ 54 മത്സരത്തിലും ക്യാപ്റ്റനായിട്ടുണ്ട്.