ഇസ്ലാമാബാദ്: 1998-ന് ശേഷം ആദ്യമായി പാകിസ്താനിൽ പര്യടനം നടത്താനൊരുങ്ങി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. ഓസീസ് പരമ്പരയെ കുറിച്ച് തിങ്കളാഴ്ച പാക് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരണം നൽകി.
23 വർഷത്തിനു ശേഷമാണ് ഓസീസ് ടീം പാകിസ്താനിൽ പര്യടനത്തിന് എത്താനൊരുങ്ങുന്നത്. അടുത്ത വർഷം മാർച്ച് – ഏപ്രിൽ മാസങ്ങളിലായിട്ടായിരിക്കും പരമ്പര.
മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി 20-യും ഓസ്‌ട്രേലിയ പാക് മണ്ണിൽ കളിക്കും.
സുരക്ഷാ കാരണങ്ങളാൽ പാക് പരമ്പരയിൽ നിന്ന് ന്യൂസീലൻഡും ഇംഗ്ലണ്ടും അടുത്തിടെ പിന്മാറിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ ഓസീസ് ടീം പാക് മണ്ണിൽ കളിക്കാനൊരുങ്ങുന്നത്.