ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി . രണ്ട് പ്രതികളെ രണ്ട് വർഷം തടവിനും ശിക്ഷിച്ചു.ശിക്ഷാവിധിയ്ക്ക് പിന്നാലെ കോടതിയിലും പുറത്തും നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. വിധിപ്രസ്താവം കേട്ട പ്രതികൾ പ്രോസിക്യൂഷന് നേരേ വധഭീഷണി മുഴക്കി.
പൊലീസുകാരെയും പ്രതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് പ്രതികളെ കനത്ത സുരക്ഷയിൽ പുറത്തേക്ക് കൊണ്ടുപോയത്.പൊലീസ് വാഹനത്തിൽ കയറുന്നതിന് മുമ്പും പ്രതികൾ അസഭ്യവർഷം നടത്തി. മാധ്യമപ്രവർത്തകർ ചിത്രങ്ങൾ പകർത്തുമ്പോഴായിരുന്നു പ്രതികളുടെ അസഭ്യവർഷം.ഇതിനിടെ, നല്ല ചിത്രങ്ങൾ എടുക്കണമെന്ന് പ്രതികളിലൊരാൾ വിളിച്ചുപറയുകയും ചെയ്തു.കോടതി വിധിയ്ക്ക് ശേഷം പുറത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടുകയും ചെയ്തു. പൊലീസ് ലാത്തിവീശിയാണ് ഇവരെ ഓടിച്ചത്.