കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി കെ പി എ സി ലളിതയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് താരത്തെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ നടി ഐസിയുവിലാണ്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. എന്നാല്‍ കരള്‍ മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ അതുസംബന്ധിച്ച് തീരുമാനമുണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം നേരത്തേതിനേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യ നിലയിലേക്ക് ലളിത എത്തിയിട്ടുണ്ടെന്ന് മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. “ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. നേരത്തേതിനെക്കാള്‍ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരള്‍ മാറ്റി വെക്കുകയാണ് പരിഹാരം. എന്നാല്‍ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ”- ഇടവേള ബാബു പ്രതികരിച്ചു.
പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. കെപിഎസി ലളിതയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്മെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്സണാണ് കെപിഎസി ലളിത.