തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ചു മാറ്റാൻ അനുവാദം നൽകിക്കൊണ്ടുള്ള വിവാദ ഉത്തരവ് തൽക്കാലം തുടർ നടപടികൾ ഇല്ലാതെ മാറ്റി വെക്കാൻ സർക്കാർ തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെയും കേന്ദ്ര വന്യ ജീവി ബോർഡിൻ്റെയും അനുവാദത്തോടെ മാത്രമേ പെരിയാർ കടുവാ സങ്കേതത്തിലെ മരം മുറിക്കാനാവൂ എന്ന് കാണിച്ചാണ് പുതിയ ഉത്തരവ്.
ഈ അനുവാദം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലാത്തതിനാൽ മരം മുറിക്കാനുള്ള സർക്കാർ ഉത്തരവിൽ തൽക്കാലം തുടർ നടപടികൾ പാടില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. അതേസമയം ഉത്തരവിറക്കിയതില്‍ സര്‍ക്കാര്‍ വിശദീകരണം തേടും. യോഗം ചേരാനുണ്ടായ കാരണം ജലവിഭവ, വനംവകുപ്പ് സെക്രട്ടറിമാര്‍ വ്യക്തമാക്കാനാണ് നിര്‍ദേശം. ജലവിഭവവകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനിച്ചെന്നാണ് വനംവകുപ്പ് നിലപാട്.