കൊച്ചി: ജോജു ജോർജിന്‍റെ കാർ തകർത്ത കേസിലെ പ്രതികൾ ഇന്ന് കീഴടങ്ങും. മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളാണ് കീഴടങ്ങുക. കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ കീഴടങ്ങാനാണ് ആലോചന. പാർട്ടി തീരുമാനം അനുസരിച്ചാണ് കീഴടങ്ങൽ.
ഇന്ധന വിലവര്‍ധനക്കെതിരെ കൊച്ചിയിൽ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി തർക്കം ഉടലെടുത്തത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തില്‍ പ്രതികരിച്ച ജോജുവിൻ്റെ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. സംഭവം ഒത്തുതീര്‍ക്കാന്‍ ജോജുവിന്‍റെ സുഹൃത്തുക്കള്‍ വഴി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു.
എന്നാൽ ജോജു കേസില്‍ കക്ഷി ചേര്‍ന്നു. ഇതോടെ സമവായ സാധ്യത അടഞ്ഞു. ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയാണ് കേസ്. ഇതുവരെ രണ്ടു പേര്‍ അറസ്റ്റിലായി. മറ്റുള്ളവരെയും അറസ്റ്റ് ചെയ്യാന്‍ മരട് പോലീസ് നീക്കം നടത്തുന്നതിനിടെയാണ് കീഴടങ്ങാനുള്ള തീരുമാനം വന്നത്.